ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കെ.ആര്. നാരായണന് അനുസ്മരണ പ്രഭാഷണം നടത്തി
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന 12-ാമത് ഡോ. കെ.ആര്.നാരായണന് അനുസ്മരണ പ്രഭാഷണ പരമ്പര 19.02.2018 രാവിലെ 11 മണിക്ക് മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമായ ശ്രീ കൊടിക്കുന്നില്‍ സുരേഷ് എം. പി. നിര്‍വ്വഹിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അലുമ്നി അസോസിയേഷന് പ്രസിഡന്റ് ശ്രീ. ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അദ്ധ്യക്ഷത വഹിക്കുകയും, സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യു സ്വാഗതവും, പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ആമുഖപ്രഭാക്ഷണവും, വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ചാഴികാടന് കൃതജ്ഞതയും രേഖപ്പെടുത്തി.
ഉഴവൂരില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്‍ഡ്യന്‍ രാഷ്ട്രപതിയായി വളര്‍ന്ന ഡോ. കെ.ആര്.നാരായണന്റെ ജീവിതം ഏതൊരു വിദ്യാര്‍ത്ഥിക്കും അനുകരണീയ മാതൃകയാണെന്നും അദേഹത്തിന്റെ ആദര്‍ശങ്ങളെ അനുകരിക്കാന്‍ പുതുതലമുറയുടെ വക്താക്കളായ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ശ്രീ. ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അനുസ്മരിച്ചു.
രാഷ്ട്രപതിയായിരുന്ന ഡോ. കെ.ആര്. നാരായണന് സാമ്പത്തിക, സാമൂഹിക പിന്നോക്ക അവസ്ഥയില്‍ നിന്നും വളര്‍ന്ന് ഒരു രാജ്യത്തിന്റെ തന്നെ പ്രഥമ പൗരനായി മാറിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ എളിമയും സ്ഥിരോത്സാഹവും ഇച്ഛാശക്തിയും ആയിരുന്നു എന്നും ഇത് എല്ലാ മനുഷ്യരും മാതൃകയാക്കേണ്ടതാണ് എന്നും ശ്രീ. കൊടിക്കുന്നില്‍ സുരേഷ് എം. പി. പ്രസ്താവിച്ചു.