മയക്കുമരുന്നു സംഘത്തെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി ; വന്നത് ഇന്റര്‍നെറ്റ് കോള്‍
കൊച്ചി : കേരളം ഞെട്ടിയ മയക്കുമരുന്നു വേട്ട നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ കള്ളക്കടത്ത് സംഘത്തിന്‍റെ വധഭീഷണി. ആലുവയിലെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിനാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് സന്ദേശം വന്നത്. സ്പെഷ്യല്‍ സ്‌ക്വാഡിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മയക്കുമരുന്ന് കടത്തിനെ കുറിച്ച് എക്സൈസിന് വിവരങ്ങള്‍ നല്‍കിയ ആള്‍ക്കാണ് സന്ദേശം വന്നത്. സന്ദേശത്തിന്റെ ഉറവിടം മുംബൈ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്നുമായെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരും പിടിയിലായിട്ടുണ്ട്. ഇവര്‍ ഇതിനുമുമ്പ് പലതവണ മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി സമ്മതിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് ആലുവ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയത്. അഞ്ചു കിലോ വരുന്ന എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ മുപ്പത് കോടിയിലേറെ വിലവരും. വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച എംഡിഎംഎയാണ് പിടികൂടിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. റഷ്യയില്‍ നിര്‍മിക്കുന്ന ലഹരിമരുന്ന് അഫ്ഗാന്‍ വഴി കശ്മീരിലെത്തിച്ച്, അവിടെ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നത്.