സ്വകാര്യ ബസ് സമരം നേട്ടമുണ്ടാക്കിയത് കെഎസ്ആര്‍ടിസിക്ക്;കളക്ഷന്‍ തുകയില്‍ പുതിയ റെക്കോര്‍ഡ്

സ്വകാര്യ ബസ് സമരം തുടര്‍ച്ചയായ നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തെ നേട്ടമാക്കി കെഎസ്ആര്‍ടിസി. സമരത്തെത്തുടര്‍ന്ന് അധികസര്‍വീസുകള്‍ നടത്തിയും സ്പെഷ്യല്‍ സര്‍വീസ് അനുവദിച്ചും ലക്ഷങ്ങളുടെ അധിക വരുമാനമാന് കെ.എസ്.ആര്‍.ടി.സി നേടിയിരിക്കുന്നത്. കോഴിക്കോട് സോണില്‍ മാത്രം ശനിയാഴ്ച്ചയിലെ വരുമാനം ഒരു കോടി 45 ലക്ഷമാണ്. ഇതില്‍ 23 ലക്ഷം അധിക വരുമാനമാണ്.

സോണിലെ 922 ബസുകള്‍ ഓടി കണ്ടെത്തേണ്ട വരുമാനത്തിനേക്കള്‍ 45 ലക്ഷം അധികം വരുമാനം ഉണ്ടാക്കാനായതായി കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ ജോഷി ജോണ്‍ പറഞ്ഞു. നിശ്ചിത ബസുകളേക്കാള്‍ 172 എണ്ണം കുറവായിരുന്നിട്ടും 45 ലക്ഷം അധികമുണ്ടാക്കാന്‍ കഴിഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ അധിക കലക്ഷനാണ്.

സ്വകാര്യ ബസ് സമരം തുടങ്ങിയ ഒന്നാം ദിവസം കോഴിക്കോട് സോണിലെ അധിക വരുമാനം 5 ലക്ഷമായിരുന്നെങ്കില്‍ രണ്ടാം ദിവസത്തെ വരുമാനം 45 ലക്ഷമായി വര്‍ധിക്കുകയായിരുന്നു. കാര്യക്ഷമവും മികച്ച ആസൂത്രണത്തോടെയുമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയത്. കോഴിക്കോട് ജില്ലയിലെ അഞ്ച് ഡിപ്പോകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെയാണ് ഈ വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്. വടകര ഡിപ്പോയില്‍ നിന്നാണ് വരുമാനം കൂടുതല്‍.