മോദി വന്നതിന് ഒന്നരലക്ഷത്തിന്‍റെ ബില്ല് നല്‍കി പാക്കിസ്ഥാന്‍ ; കൊടുത്തത് മൂന്ന് വര്‍ഷം മുന്‍പ് പോയതിന്‍റെ ബില്‍
കറാച്ചി : വാര്‍ത്തകളില്‍ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശനം. വാര്‍ത്തകളില്‍ വലിയ സംഭവം ആയി എങ്കിലും ആ യാത്രക്ക് പാക്കിസ്ഥാന്‍ ഇന്ത്യക്ക് ബില്ല് നല്‍കി എന്നാണു ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. മോദി ലാഹോറിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിനാണ് പാകിസ്താന്‍ ഇന്ത്യയ്ക്ക് 1.49 ലക്ഷം രൂപയുടെ ബില്ല് നല്‍കിയത്. മോദി യാത്ര ചെയ്ത ഇന്ത്യന്‍ വ്യോമസേനാ വിമാനം പാകിസ്താന്റെ വ്യോമപാത ഉപയോഗിച്ചതിനാണ് പാകിസ്താന്‍ പണം വാങ്ങിയത്. വ്യോമയാന റൂട്ടിലെ ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കാണ് പാകിസ്താന്‍ ചോദിച്ചതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
റഷ്യ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ 2015ലെ ക്രിസ്മസ് ദിനത്തിലാണ് മോദി അപ്രതീക്ഷിതമായി ലാഹോറില്‍ ഇറങ്ങിയത്. നവാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന പ്രകാരം വൈകുന്നേരം 4.50ന് ലഹോറില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഈ സന്ദര്‍ശനത്തിന്റെ പേരിലാണ് 1.49 ലക്ഷം രൂപ പാകിസ്താന്‍ ഇന്ത്യയില്‍ നിന്നും വാങ്ങിയത്. സാമൂഹിക പ്രവര്‍ത്തകനായ ലോകോഷ് ബത്രയാണ് വിവരാവകാശ നിയമപ്രകാരം പണം വാങ്ങിയത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചത്.