സ്വകാര്യ ബസുടമകളുടെ പണിമുടക്ക് പാളി;തിരുവനന്തപുരത്ത് ബസുകള്‍ സര്‍വീസ് തുടങ്ങി
തിരുവനന്തപുരം: സ്വകാര്യബസുടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല ബസ് സമരം പൊളിയുന്നു. സമരം തുടര്‍ച്ചയായ നാലാം ദിവസത്തിലേക്ക് കടന്നുവെങ്കിലും സ്വകാര്യ ബസുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, കോണ്‍ഫെഡറേഷന്റെ കീഴിലുള്ള അഞ്ച് സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാരസമരത്തില്‍ നിന്ന് ബസുടമകള്‍ പിന്‍മാറി. തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്ന ബസുകളെല്ലാം ഓടിത്തുടങ്ങി. എന്നാല്‍ സമരക്കാര്‍ക്കിടയില്‍ ഭിന്നതയില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
തലസ്ഥാനത്ത് പ്രത്യേകസാഹചര്യത്തില്‍ സര്‍വീസ് നടത്തുകയാണെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. സമരം തുടരുന്ന പശ്ചാത്തലത്തില്‍ ബസുടമകള്‍ക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ താക്കീത് നല്‍കിയിട്ടുണ്ട്. സമരക്കാര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്ന് മന്ത്രി പറഞ്ഞു.
പേരൂര്‍ക്കട, മെഡിക്കല്‍ കോളജ് റൂട്ടുകളിലോടുന്ന ചില ബസുകളാണ് ഇന്ന് സര്‍വ്വീസിനിറങ്ങിയത്. ഇവരെ തടയാനോ പിന്തിരിപ്പിക്കാനോ ആരും കൂട്ടാക്കിയിട്ടില്ല. അതേസമയം തലസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന നൂറോളം ബസുകളെ സമരത്തില്‍ നിന്നൊഴിവാക്കിയതായി കേരള ബസ് ട്രാന്‍സ് പോര്‍ട്ട് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി വെളിപ്പെടുത്തി. കെ.എസ്.ആര്‍.ടിസി ബസുകള്‍ ധാരാളമുള്ള നഗരത്തില്‍ സ്വകാര്യബസുകള്‍ പണിമുടക്ക് ഫലപ്രദമല്ലെന്ന തിരിച്ചറിവാണ് പണിമുടക്കില്‍ നിന്ന് നഗരത്തിലെ ബസുടമകളെ ഒഴിവാക്കാന്‍ കാരണമെന്ന് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അറിയിച്ചു.