ബസുടമകള്‍ക്ക് താക്കീതുമായി മന്ത്രി; നിയമനടപടിക്ക് നിര്‍ബന്ധിക്കരുത്
കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും തുടരുന്ന സ്വകാര്യ ബസ് സമരത്തില്‍ ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. സമരത്തെ നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും കൂടുതല്‍ നിയമനടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നുമായിരുന്നു മന്ത്രിയുടെ താക്കീത്.
ബസുടമകളുമായി ഒരു യുദ്ധപ്രഖ്യാപനത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അതിനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നുമായിരുന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ താക്കീത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ ഇനി ബസുടമകളുമായി ചര്‍ച്ചയ്ക്കുള്ളു എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് രണ്ട് രൂപയാക്കി ഉയര്‍ത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് ബസുടമകള്‍. എന്നാല്‍, വിദ്യാര്‍ഥികളുടെ നിരക്ക് യാതൊരു കാരണവശാലും വര്‍ധിപ്പിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്.
പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ബസുടമകള്‍ക്കിടയിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള അഞ്ച് സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരും.എന്നാല്‍, നിരക്ക് വര്‍ധിപ്പിക്കും വരെ പണിമുടക്കുമായി മുന്നോട് പോകാനാണ് ഔദ്യോഗീക പക്ഷത്തിന്റെ തീരുമാനം. സംസ്ഥാനത്ത് 15000 ത്തോളം ബസുകളാണ് ഇപ്പോള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.