വൈറലായ ഈ കണ്ണിറുക്കല്‍ കോപ്പിയടിയോ? അതും മറ്റൊരു മലയാള സിനിമയില്‍ നിന്ന്
ഒരു കണ്ണിറുക്കലിലൂടെ തന്നെ ലോകത്തിലാകമാനം ആരാധക ഹൃദയങ്ങളിലിടം നേടിയ പ്രിയ വാര്യരെക്കുറിച്ച് ഇപ്പോഴും ചൂടുള്ള ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും അതിലെ കണ്ണിറുക്കുന്ന രംഗവുമാന് പ്രിയയെ താരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ ഈ രംഗം മറ്റൊരു മലയാള ചിത്രത്തില്‍ നിന്നും കോപ്പി അടിച്ചതാണെന്നാണ് വിവാദമുയരുന്നത്.
മജീദ് അബു സംവിധാനം ചെയ്ത കിടു എന്ന ചിത്രത്തിലെ രംഗത്തില്‍ നിന്നു കോപ്പി അടിച്ചതാണ് ഒരു അഡാര്‍ ലൗവിലെ സൈറ്റടി രംഗമെന്നാണ് ആരോപണമുയരുന്നത്. കിടുവിലെ സമാനമായ ഒരു രംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. പുതുമുഖങ്ങളായ റംസാനും അനഘയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിനീത് ശ്രിനിവാസന് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ വാസ്തവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കിടുവിന്റെ നിര്‍മാതാവ് സാബു പി കെ. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് സാബു ആരോപണങ്ങള്‍ക്ക് മറുപടിയുമായി വന്നത്.