കടിച്ച പാമ്പിന്റെ തല കടിച്ചെടുത്ത് വായിലിട്ട് ചവച്ച് തുപ്പി കര്‍ഷകന്റെ പ്രതികാരം
കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിക്കുക എന്നൊരു ചൊല്ല് പഴമക്കാര്‍ പറയുന്നത് നാം കേട്ടിട്ടുണ്ട്. എന്നാല്‍ കടിച്ച പാമ്പിന്റെ തല കടിച്ചെടുക്കുക എന്നത് ആദ്യത്തെ സംഭവമാകും. ഉത്തര്‍പ്രദേശിലാണ് തന്നെ കടിച്ച പാമ്പിന്റെ തല കടിച്ചെടുത്ത് യുവാവ് വായിലിട്ട് ചവച്ചത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് സ്വദേശിയായ സോനെലാല്‍ ആണ് പ്രതികാരം ചെയ്യാന്‍ പാമ്പിനെ കടിച്ച് ചവച്ചത്. സംഭവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇയാളുടെ ശരീരത്തില്‍ പാമ്പ് കടിച്ചതിന്റെ പാടുകളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശനിയാഴ്ചയാണ് സംഭവം നടന്നത്. പാടത്ത് കുഴഞ്ഞ് വീണ സോനെലാലിനെ മറ്റു കര്‍ഷകരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരാണ് പാമ്പ് കടിച്ചിരുന്ന വിവരം ഡോക്ടര്‍മാരോട് പറയുന്നത്. എന്നാല്‍ പാമ്പ് ഇയാളെ കടിച്ചിട്ടില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. തുടര്‍ന്ന് രാത്രി ബോധം വീണ്ടെടുത്ത സോനെലാല്‍ സംഭവം വിവരിക്കുകയായിരുന്നു.
പാടത്ത് പശുക്കളെ മേച്ചുകൊണ്ടിരുന്നപ്പോള് തന്നെ പാമ്പ് കടിച്ചുവെന്നും അതിന്റെ ദേഷ്യത്തിലാണ് പാമ്പിന്റെ തല കടിച്ചുചവച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു. അതേസമയം, ഇയാള്‍ ലഹരിമരുന്നിന് അടിമയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.