സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്.

നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്. എന്നാല്‍ പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷവും ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ ചില ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. തൃശൂര്‍ അടക്കമുള്ളിടത്ത് രാവിലെ മുതല്‍ ചില ബസ്സുകള്‍ ഓടിത്തുടങ്ങിയിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.