ഉഗ്ര ശബ്ദത്തോടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ ചാരംമൂടിയതോടെ പരക്കം പാഞ്ഞ് ജനങ്ങള്‍

സുമാത്ര: ഇന്‍ഡോനേഷ്യയിലെ സുമാത്രയില്‍ അഗ്‌നിപര്‍വതം പൊട്ടി ഏഴ് കിലോമീറ്റര്‍ പരിധിയില്‍ ചാരം നിറഞ്ഞത്തോടെ പരിഭ്രാന്തരായി ജനങ്ങള്‍. അഗ്‌നിപര്‍വതം സജീവമായത് മുതല്‍ മുന്നറിയിപ്പ് നല്‍കി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എങ്കിലും വന്‍ സ്ഫോടനത്തോടെ പുകപടലങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നതോടെ ജനങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പാഞ്ഞു.

ഇന്‍ഡോനേഷ്യയിലുള്ള മൗണ്ട് സിനാബങ് അഗ്‌നിപര്‍വതമാണ് പൊട്ടിയത്. 2014 ലില്‍ ഇത് പൊട്ടി നിരവധി പേര്‍ മരിക്കുകയും ആയിരങ്ങളെ ഒഴിപ്പിക്കേണ്ടി വരുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് അഗ്‌നിപര്‍വതം പൊട്ടിയത്. പിന്നാലെ ചെറിയ ഭൂചലനങ്ങളും അനുഭവപ്പെട്ടു. അഞ്ച് ജില്ലകളില്‍ കുറേ നേരത്തേക്ക് ഏറക്കുറേ ഇരുട്ട് മൂടി. അഞ്ച് മീറ്റര്‍ മാത്രമായിരുന്നു ഈ സമയത്ത് കാഴ്ചാപരിധി. അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.