ഷുഹൈബ് വധം: കണ്ണൂരില്‍ ഇന്നു സമാധാന യോഗം; സഹായധന സമാഹരണത്തിനിറങ്ങിയ പ്രവര്‍ത്തകന് മര്‍ദനം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ണൂരില്‍ ഇന്നു സമാധാനയോഗം. മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്ക് കലക്ടറേറ്റിലാണ് യോഗം നടക്കുക. യോഗം വിളിക്കാന്‍ വൈകിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

അതേസമയം ഷുഹൈബിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസവും തുടരുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്തദിവസം ഡിജിപിയെ നേരില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കും.

ഇതിനിടെ ഷുഹൈബിന്റെ കുടുംബത്തിനായി സഹായധന സമാഹരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. കോഴിക്കോട് ഉള്ള്യേരിയിലാണു സംഭവം. സിപിഎം പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതിന് പിന്നിലെന്ന് അക്രമത്തിനിരയായ ഗോപാലന്‍ പറഞ്ഞു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.