ഇന്ന് ജയിച്ച് ട്വന്റി-20 പരമ്പരയും നേടാനുറച്ച് ഇന്ത്യ; നാണക്കേടൊഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയും

സെഞ്ചൂറിയന്‍: ഇന്ത്യ ജയിച്ച് തുടങ്ങിയാല്‍ പിന്നെ പിടിച്ചുനിര്‍ത്താന്‍ ഏതു ടീമും ഒന്ന് വിയര്‍ക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ തിരിച്ചടിച്ചു. ആദ്യ ടി-20യും സ്വന്തമാക്കി ഇന്ത്യ അടുത്ത പരമ്പരയും സ്വന്തമാക്കാനാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. അതെ സമയം ഏകദിന പരമ്പര നഷ്ട്ടമായ ക്ഷീണം ടി-20 പരമ്പര സ്വന്തമാക്കി മറികടക്കാമെന്നാണ് ദക്ഷിണാഫ്രിക്ക കണക്കുക്കൂട്ടുന്നത്.

മത്സരം ജയിക്കാനിറങ്ങുന്ന ഇന്ത്യ ടീമില്‍ ചെറിയ മാറ്റങ്ങളും വരുത്തുന്നുണ്ട്. ആദ്യ മത്സരം കളിച്ച ടീമില്‍ ഓപ്പണര്‍മാരായി മികച്ച ഫോമിലുള്ള ശീഖര്‍ ധവാനൊപ്പം രോഹിത് ശര്‍മ തന്നെയാകും ഇറങ്ങുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഒരേയൊരു സെഞ്ചുറി മാത്രം നേടിയ രോഹിത് ആദ്യ ട്വന്റി-20യില്‍ വെടിക്കെട്ട് തുടക്കമിട്ടെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. എങ്കിലും രോഹിത് തന്നെയാകും ഇന്നും ധവാനൊപ്പം ഇന്നിംഗ്‌സ് തുറക്കുക.

തിരിച്ചുവരവില്‍ വലിയൊരു ഇന്നിംഗ്‌സ് കളിക്കാന്‍ സുരേഷ് റെയ്‌നക്കായില്ലെങ്കിലും തകര്‍ത്തടിച്ച റെയ്‌നയുടെ ഇന്നിംഗ്‌സ് ഇന്ത്യന്‍ സ്‌കോറിംഗിന് ഗതിവേഗം പകര്‍ന്നിരുന്നു. ഫീല്‍ഡിംഗ് മികവുകൂടി കണക്കിലെടുത്ത് റെയ്‌ന ടീമില്‍ തുടരും. നാലാം നമ്പറില്‍ വിരാട് കോലി എത്തുമ്പോള്‍ അഞ്ചാം നമ്പറിലാണ് പ്രതീക്ഷിക്കുന്ന മാറ്റം ഉണ്ടാവുക. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മനീഷ് പാണ്ഡെക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ആറാം നമ്പറില്‍ എത്തുന്ന ധോണിയുടെ മെല്ലെപ്പോക്കും ടീമിന് തലവേദനയാണ്.

അതിവേഗ ഫിനിഷിംഗിന് ധോണിക്ക് പഴയതുപോലെ കഴിയുന്നില്ല. ഹര്‍ദ്ദീക് പാണ്ഡ്യയും ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കുന്നില്ല. എങ്കിലും ഇരുവരും ടീമീല്‍ തുടരും. നക്കിള്‍ ബോളുമായി ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഭുവനേശ്വറും ബൂമ്രയും തന്നൊകും പേസര്‍മാര്‍.