മക്കള്‍ നീതി മയ്യവുമായി കമല്ഹാസന് ; പ്രഖ്യാപന വേദിയില്‍ താരമായി പിണറായിയും
മധുര : അണിനിരന്ന ലക്ഷങ്ങളെ സാക്ഷിയാക്കി കമലഹാസന് തന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്ന് പേരിട്ട പാര്‍ട്ടിയുടെ പതാകയും പ്രകാശനം ചെയ്തു . വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. വേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉണ്ടായിരുന്നു. അതേസമയം, താന്‍ നേതാവല്ല ജനങ്ങളില്‍ ഒരാളെന്ന് കമല്‍ പ്രതികരിച്ചു. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് കമല്‍ ഹാസന് പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്.
ഇത് ഒരുനാള്‍ കൊണ്ടാട്ടമല്ലെന്ന് കമല്ഹാസന് പറഞ്ഞു. ഒരു ജീവിതശൈലിക്ക് തുടക്കം കുറിക്കുകയാണ്. ജനങ്ങളുടെ പാര്‍ട്ടിയാണ് രൂപവത്കരിക്കുന്നത്. അഴിമതിയില്‍ മുങ്ങിയ കരങ്ങള്‍ ചുട്ടെരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും പറഞ്ഞ കമല്ഹാസന് ധൈര്യമുണ്ടെങ്കില്‍ തന്റെ പാര്‍ട്ടിയെയും കൂട്ടായ്മയെയും തൊട്ടുനോക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ റെക്കോര്‍ഡുചെയ്ത ആശംസാ സന്ദേശവും പ്രദര്‍ശിപ്പിക്കുകയുണ്ടായി.