പൊരിവെയില് കൊണ്ട് ഗതാഗതം നിയന്ത്രിക്കുന്നത് പോരാഞ്ഞിട്ട് നാറ്റം സഹിച്ചുമടുത്ത് കൊച്ചിയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍
കൊച്ചി:പുലിവാല്‍കല്യാണം എന്ന ഹിറ്റ് ചിത്രത്തിലെ സലിം കുമാറിന്റെ ‘കൊച്ചിയെത്തി… ‘ എന്ന ഡയലോഗ് മലയാളി ഒരിക്കലും മറക്കാനിടയില്ല. നര്‍മത്തില്‍ പൊതിഞ്ഞ ഡയലോഗാണെങ്കിലും അതില്‍ കൊച്ചിയെ അടയാളപ്പെടുത്തുന്നൊരു ആശയവും ഒളിഞ്ഞിരിപ്പുണ്ട്. ആ ഡയലോഗ് വൈറലായതിനു ശേഷം വാഹനത്തിലോ മറ്റോ പോകുമ്പോള്‍ മാലിന്യത്തിന്റെ ദുര്‍ഗന്ധം മൂക്കിലടിച്ചാല്‍ മലയാളി അടുത്ത് പറയുന്ന ഡയലോഗ് കൊച്ചിയെത്തി എന്നാകും.
ഈ ഡയലോഗ് മലയാളികളെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായിട്ടും കൊച്ചിയിലെ മാലിന്യം കൂടി വന്നതല്ലാതെ കുറയുന്നില്ല.’നാറ്റവും’ കൂടി. ഇനി സ്ഥിരമായി കൊച്ചിയില്‍ ഗതാഗതം നിയന്ത്രിക്കുന്ന പാവം ട്രാഫിക് പോലീസുകാരുടെ അവസ്ഥ എന്താണെന്ന് നോക്കാം. ‘സഹിക്കാനാവാത്ത നാറ്റം.’ ഇത് പറയുന്നത് മെട്രോയുടെ നഗരമധ്യത്തിലുള്ള പള്ളിമുക്ക് ജങ്ഷനിലെ ട്രാഫിക് ഉദ്യോഗസ്ഥരാണ്. ഓടയുടെ മുകളിലായിട്ടാണ് ഇവിടത്തെ ട്രാഫിക് കാബിന്‍ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൂക്കുതുളയ്ക്കുന്ന ദുര്‍ഗന്ധമാണ്. രാത്രിയായാല്‍ പിന്നെ കൊതുകുകടിയുമൊക്കെ സഹിച്ചുവേണം ജോലിചെയ്യാന്‍. ഒന്‍പതും പത്തും മണിക്കുര്‍ ജോലിചെയ്യുന്നവരുടെ കാര്യം പിന്നെ പറയേണ്ട കാര്യമില്ല.
കാബിനിലേക്ക് ശുദ്ധവായു കിട്ടാന്‍ ഗ്ലാസ്സുകള്‍ തുറന്നിട്ടാലോ, പിന്നെ കാബിനുള്ളിലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ലെന്ന് ട്രാഫിക് പോലിസ് ഉദ്യോഗസ്ഥനര്‍ പറയുന്നു. ഇപ്പോഴത്തെ ചൂട് കാലാവസ്ഥയിലും, ജങ്ഷനിലെ വന്‍ തിരക്കിലും ഗ്ലാസ്സുപോലും തുറക്കാതെ ജോലിചെയ്യേണ്ടിവരുന്ന ഈ ഉദ്യോഗസ്ഥരുടെ അവസ്ഥ അധികൃതര്‍ ഇനിയും കണ്ടില്ലെന്നു നടിക്കുകയാണ്.