ഷുഹൈബ് വധം: സമാധാന യോഗത്തില്‍ വാക്കേറ്റം; യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു

കണ്ണൂര്‍: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ വാക്കേറ്റവും ബഹളവും. ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. മന്ത്രി ബാലന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കള്‍ രംഗത്തു വന്നു. സി.പി.എം പ്രതിനിധിയായി വന്ന എം.പി കെ.കെ രാഗേഷിനെ വേദിയിലിരുത്തിയതും യു.ഡി.എഫ് നേതാക്കളെ പ്രകോപിപ്പിച്ചു.

യോഗ വേദിക്ക് പുറത്ത് നിന്ന നേതാക്കളായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ ഹാളിലേക്ക് കയറി നടപടിയെ ചോദ്യം ചെയ്തു. ഇത് സര്‍വകക്ഷി യോഗമാണെന്നും ജനപ്രതിനിധികളുടെ യോഗം പിന്നീട് ചേരുമെന്നും അധ്യക്ഷനായ മന്ത്രി ബാലന്‍ വിശദീകരിച്ചു. എം.പിയായതിനാലാണ് രാഗേഷിനെ വേദിയിലിരുത്തിയതെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ രാഗേഷ് വേദിയിലിറിക്കാന്‍ പാടില്ലെന്ന വാദത്തില്‍ യു.ഡി.എഫ് ഉറച്ച് നിന്നു. തുടര്‍ന്ന് രാഗേഷ് വേദിയില്‍ നിന്ന് മാറിയിരുന്നെങ്കിലും യു.ഡി.എഫ് പ്രതിഷേധവുമായി മുന്നോട്ട് പോയി.

ജനപ്രതിനിധകളെ ക്ഷണിക്കാതിരുന്നത് യോഗത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും യു.ഡി.എഫ് നേതാക്കളായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ് എന്നിവര്‍ ആരോപിക്കുകയും യു.ഡി.എഫ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.