വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഗ്രൂപ്പ് അഡ്മിനുകള്‍ പോലീസ് പിടിയില്‍
വാട്സ് ആപ്പിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തിനെ സിബിഐ പിടികൂടി. സംഭവത്തില്‍ ഒരു അഡ്മിനെ അറസ്റ്റ് ചെയ്ത സിബിഐ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഞ്ച് അഡ്മിന്‍ മാര്‍ക്കെതിരെയും 114 അംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. നിഖില്‍ വര്‍മ എന്ന 20കാരനാണ് അറസ്റ്റിലായിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ കനൗജില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായിട്ടുള്ളത്. ലാപ്‌ടോപ്പ്, മൊബൈല്‍, മൊബൈല്‍ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക്, എന്നിവയും സിബിഐ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദില്ലി, നോയിഡ എന്നിവിടങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ഗ്രൂപ്പിലെ അംഗങ്ങളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സിബിഐ. ഗ്രൂപ്പ് അഡ്മിന്‍മാരെ കണ്ടെത്താനുള്ള നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്.
വീഡിയോയില്‍ ഇരയാക്കപ്പെട്ട കുട്ടികളെക്കുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. ചൈല്‍ഡ് പോണോഗ്രാഫി സംബന്ധിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ സിബിഐ വാട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്കുള്ള ട്രാഫിക് നിരീക്ഷിച്ചുവരികയായിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്ന രഹസ്യ വിവരവും സിബിഐയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ഗ്രൂപ്പ് അംഗങ്ങളുടെ ഐപി ഉപയോഗിച്ചാണ് ഗ്രൂപ്പിലെ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്.