ദുബായില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്: പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി

ദുബായ്: തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിയമത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബോധിപ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി. ഫെബ്രുവരി നാലിന് ആണ് യു.എ.യില്‍ എല്ലാ തൊഴില്‍ വിസയ്ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

ഇപ്രകാരം സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയില്‍ അനുവദിച്ചു കിട്ടുന്നത് എവിടെ നിന്നാണ് എന്നതിനെ പറ്റി പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും അനുവദിച്ചു തന്നിരുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആയ പോലീസ് ക്ലീറന്‍സ് സര്‍ട്ടിഫിക്കറ്റ് ആണ് മുന്‍പ് പല വിദേശ രാജ്യങ്ങളിലും പോകുന്നതിനു ഉപയോഗിച്ചിരുന്നത്.

ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന് ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് വളരെയധികം വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. തുടര്‍ന്ന് വീണ്ടും പോലീസ് ക്ലീറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള അധികാരം അതാതു സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്ക് നല്‍കി പോലീസ് ഹെഡ് ക്വാട്ടേര്‍ഴ്സ് ഉത്തരവ് പുറപ്പെടുവിക്കുയും ചെയ്തു.

എന്നാല്‍ ഈ സാധുതയും ആസഹായക്കുഴപ്പം സൃഷ്ടിച്ചു. മിനിസ്ട്രി ഓഫ് അഫയേഴ്‌സ് ന്റെ ലെറ്റര്‍ ഹെഡില്‍ പോലീസ് ക്ലീറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു തന്നിരുന്ന പാസ്‌പോര്ട്ട് ഓഫീസിന്റെ അധികാരം പാടെ അവഗണിച്ച സാഹചര്യത്തിലാണ് അഡ്വ. ഫെമിന്‍ പണിക്കശ്ശേരി ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ പ്രമുഖ രാജ്യങ്ങളിലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു തരുന്നതിനു ഒരു ഏകീകൃത സംവിധാനം ഉണ്ടെന്നും ഇന്ത്യയില്‍ ഉണ്ടായിരുന്ന പാസ്‌പോര്‍ട്ട് ഓഫീസില്‍ ഇഷ്യൂ ചെയ്തിരുന്ന സര്‍ട്ടിഫിക്കറ്റ് പാടെ അവഗണിച്ചു കൊണ്ടുള്ള ഈ നടപടിയില്‍ സുതാര്യത വേണം എന്നുമാണ് അഡ്വക്കേറ്റ് സുനില്‍ നായര്‍ പാലക്കാട്ട് മുഖേന ബോധിപ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അംഗമായ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.