മോഷ്ടാവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യം ഉള്ള യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു

മരിക്കുന്നത് മുന്‍പുള്ള അവസാന ചിത്രം

അട്ടപ്പാടി: മോഷ്ടാവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യം ഉള്ള യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. ടുക്മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് കൊല്ലപ്പെട്ടത്. അടുത്തിടെ പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തിനുശേഷം കാണാതായ യുവാവിനെ വനത്തോട് ചേര്‍ന്ന പ്രദേശത്തുനിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.

തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു. പോലീസിന് കൈമാറുന്നതിനുമുമ്പ് നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് വ്യക്തമായാല്‍ ഉത്തരവാദികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. മധുവിന്റെ മൃതദേഹം ആഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.