ഓസ്ട്രേലിയയില്‍ മലയാളി യുവാവിന്‍റെ കൊലപാതകം ; ഭാര്യയും കാമുകനും കുറ്റക്കാര്‍ എന്ന് കോടതി
മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാര്‍ എന്ന് കോടതി. സാം എബ്രഹാമിന്റെ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസന്‍ എന്നിവര്‍ കുറ്റക്കാരാണ് എന്നാണ് വിക്ടോറിയന്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. സോഫിയയും അരുണും ചേര്‍ന്ന് സാം എബ്രഹാമിനെ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് കൊടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. പ്രതികള്‍ കുറ്റം കോടതിക്ക് മുന്നില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ പ്രകാരം സോഫിയയ്ക്കും അരുണിനും എതിരെ കൊലക്കുറ്റം നിലനില്‍ക്കുന്നുവെന്ന് കോടതി വിലയിരുത്തി. 33 കാരനായിരുന്ന സാം പുലരൂര്‍ കരവാളൂര്‍ സ്വദേശിയാണ്. 2015 ഒക്ടോബര്‍ 13നാണ് സാം എബ്രഹാമിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമിന്റെത് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് എന്ന് കണ്ടെത്തിയ പോലീസ് 2016 ഓഗസ്റ്റിലാണ് ഭാര്യ സോഫിയ സാമിനേയും സുഹൃത്ത് അരുണ്‍ കമലാസനനേയും പിടികൂടുന്നത്. ശാസ്ത്രീയ തെളിവുകളാണ് പ്രതികളെ കുടുക്കിയത്. എന്നാല്‍ അരുണും സോഫിയയും കോടതിക്ക് മുന്നില്‍ ഒരു പോലെ കുറ്റം നിഷേധിച്ചിരുന്നു. സാമിനെ താന്‍ കൊന്നിട്ടില്ലെന്നും പോലീസ് പറയുമ്പോള്‍ മാത്രമാണ് കൊലപാതകമാണ് എന്ന് അറിയുന്നത് എന്നുമാണ് സോഫിയ മൊഴി നല്‍കിയത്. സാം എബ്രഹാമിന്റെ ശരീരത്തില്‍ കൂടിയ അളവില്‍ സയനൈഡ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. സാം എബ്രഹാമിന്റെ രക്തത്തിലും ലിവറിലും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. അത് ശ്വസിച്ചതിലൂടെ അല്ല, മറിച്ച് വായിലൂടെ അകത്ത് ചെന്നതാണ് എന്നാണ് ടോക്സിക്കോളജി വിദഗ്ധര്‍ കണ്ടെത്തിയത്. മരണത്തിന്റെ തലേന്ന് രാത്രി സാം എബ്രഹാം ഓറഞ്ച് ജ്യൂസ് കഴിച്ചതായി സോഫിയ പോലീസിന് മൊഴിയും നല്‍കിയിരുന്നു. നാട്ടില്‍ വെച്ച് പ്രണയിച്ച് വിവാഹിതരായവരാണ് സാമും സോഫിയയും. ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് സോണിയ മൊഴി നല്‍കിയത്. എന്നാല്‍ ചില സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും സോണിയയുടെ മൊഴിയില്‍ പറയുന്നുണ്ട്. അതിന്റെ പേരില്‍ സംഭവ ദിവസം ഇരുവരും തര്‍ക്കിച്ചതായും പറയുന്നു.
ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി സാമിനെ അരുണും സോഫിയയും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തല്‍. സാം മരണപ്പെട്ടതായി കണ്ടെത്തിയ ദിവസത്തിന് തലേന്നാള്‍ രാത്രി അരുണ്‍ സാമിന്റെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി. സാമിന്റെ കാര്‍ നേരത്തെ അരുണിന്റെ പേരിലേക്ക് മാറ്റിയിരുന്നു. സോഫിയയുടേയും അരുണിന്റെയും ഡയറിക്കുറിപ്പുകളും സാം കൊലക്കേസില്‍ നിര്‍ണായക തെളിവുകളായി.സോഫിയയും അരുണും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി അനവധി തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയുണ്ടായി. അരുണിന്റെയും സോഫിയയുടേയും പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നതടക്കമാണ് തെളിവുകള്‍.