ധോണി അത്ര കൂളൊന്നുമല്ല; ബാറ്റിങിനിടെ പാണ്ഡെയോട് പൊട്ടിത്തെറിച്ച് ധോണി: വീഡിയോ വൈറല്‍ ,ഒപ്പം വിമര്‍ശനവും

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20യില്‍ പരാജയമേറ്റുവാങ്ങിയെങ്കിലും ധോണി പഴയ ഫോമിലേക്ക് തിരിച്ചുവന്നതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. തകര്‍ച്ചയുടെ വക്കില്‍ നിന്ന് ധോണിയും മനീഷ് പാണ്ഡെയും നടത്തിയ പോരാട്ടമാണ് ഇന്ത്യയെ താരതമ്യേന മികച്ച സ്‌കോറിലെത്തിച്ചത്.

മത്സരത്തില്‍ 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ ധോണി 52 റണ്‍സെടുത്തു. നാല് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ധോണിയും 79 റണ്‍സെടുത്ത പാണ്ഡ്യയും ചേര്‍ന്ന് സുരക്ഷിത സ്‌കോറിലെത്തിക്കുകയായിരുന്നു. എന്നാല്‍ കളിക്കിടയില്‍ സഹതാരം മനീഷ് പാണ്ഡെയെ ധോണി ശകാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കൂള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണമുള്ള മുന്‍ നായകന്റെ ഭാഗത്തു നിന്നുള്ള ഈ പെരുമാറ്റം പക്ഷെ ആരാധകര്‍ക്കത്ര രസിച്ച മട്ടില്ല.