ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:മുന്‍ മന്ത്രി കെ.എം മാണി പ്രതിയായുള്ള ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ കേസില്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ കോടതി പരാതികളുണ്ടെങ്കില്‍ പിന്നീട് സമര്‍പ്പിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.

കെ.എം. മാണി കേരള രാഷ്ട്രീയത്തിലെ ഉന്നത രാഷ്ട്രീയ നേതാവാണെന്നും അതിനാല്‍ കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്നുമാണ് പരാതിക്കാരനായ നോബിള്‍ മാത്യു കോടതിയില്‍ വാദിച്ചത്. അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും നോബിള്‍ മാത്യു ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പി. ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.

ഹര്‍ജിയിന്‍മേല്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ അതില്‍ ഇടപെടാനില്ല. അന്വേഷണം അവസാനിച്ച ശേഷം അതില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.നേരത്തെ സമാന ആവശ്യം ഹൈക്കോടതിയും തള്ളിയിരുന്നു.