മധുവിന്‍റെ മരണമൊഴി പുറത്ത് ; മര്‍ദിച്ചത് ഏഴുപേര്‍ ചേര്‍ന്ന്‍ ; കള്ളനെന്ന് വിളിച്ചു, ചവിട്ടി താഴെയിട്ടു

മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി രേഖപ്പെടുത്തിയ എഫ്.ഐ.ആര്‍ പുറത്ത്. 7 പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നു മധു റിപ്പോര്‍ട്ടില്‍ പറയുന്നു . ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നീ പേരുകളാണ് മധു പറഞ്ഞത്. പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മരണത്തിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേര്‍ ഇപ്പോഴും പൊലീസ്‌കസ്റ്റഡിയിലാണ്. രാവിലെ പിടികൂടിയ ഏഴ് പേരില്‍ രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹുസൈന്‍, അബ്ദുള്‍ കരീം, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ള മൂന്ന് പേര്‍. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായിയാണ് ഉബൈദ്. മധുവിനെ കാട്ടില്‍ കയറി പിടിച്ചുകൊണ്ടുവന്നവരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും എസ്‌സി-എസ്ടി കമ്മീഷനും കേസെടുത്തു.

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്.