ഇതാണാവസരം ബ്ലാസ്റ്റേഴ്സ്; സ്വന്തം മൈതാനത്ത്, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയെ കെട്ടുകെട്ടിച്ച് ജീവന്‍ നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരം
തങ്ങളുടെ അവസാന ഹോം മാച്ചില്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരളം ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുമ്പോള്‍ കൊച്ചിയില്‍ ഇന്നൊരു മഞ്ഞക്കടലിരമ്പം കേള്‍ക്കാം. കളിയാവേശത്തിന്റെ അതിരു പൊട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി ഒഴികിയെത്തിയ ആരാധകര്‍ കൊച്ചിയെ ഇന്ന് മഞ്ഞക്കടലാക്കും. ഈ ആവേശം ഏറ്റുപിടിച്ച് കളത്തില്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞു പൊരുതിയാല്‍ സെമി ഫൈനലിലേക്ക് ഒരു പടികൂടി എടുക്കാം.മറിച്ചായാല്‍..? പക്ഷെ എതിരാളികള്‍ കരുത്തരായ ചെന്നൈ ആണ്. നേരത്തെ ചെന്നൈയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് അവസാന മിനുട്ടില്‍ സി കെ വിനീത് നേടിയ ഗോളില്‍ സമനില പിടിച്ചിരുന്നു.
കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരം കൂടിയാണ് ഇത്. കേരളത്തിന്റെ അവസാന ലീഗ് മത്സരം ബെംഗളൂരു എഫ് സിക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ വെച്ചാണ്. ഐ എസ് എല്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ സെമി സാധ്യത കല്പിക്കപെടുന്ന ഓരോ ടീമുകള്‍ക്കും എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. ബെംഗളൂരു ഒഴികെ ആരും സെമി ഉറപ്പിച്ചിട്ടില്ല എന്നതും അവസാന ഘട്ട മത്സരങ്ങള്‍ ആവേശകരമാക്കും.
അടുത്ത മത്സരത്തില്‍ ശക്തരായ ബെംഗളൂരുവാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ എങ്കിലും ഇന്ന് ചെന്നൈയിന് എതിരെ ജയം സ്വന്തമാക്കിയാല്‍ കേരളത്തിന് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്താം. മാത്രവുമല്ല അടുത്ത മത്സരത്തില്‍ ബെംഗളൂരുവിനെ നേരിടുന്ന ജാംഷഡ്പൂരിന് ഇത് സമ്മര്‍ദ്ദം സൃഷ്ട്ടിക്കുകയും ചെയ്യും.
ചെന്നൈയിന്‍ ആവട്ടെ കഴിഞ്ഞ മത്സരത്തില്‍ അവസാന മിനുട്ടില്‍ മുഹമ്മദ് റാഫി നേടിയ ഗോളില്‍ ജാംഷഡ്പൂറിനെതിരെ സമനില പിടിച്ചാണ് ഇറങ്ങുന്നത്. മത്സരത്തിന്റെ 89മത്തെ മിനുട്ടിലാണ് റാഫി പിറകിലായിരുന്ന ചെന്നൈയിന് സമനില നേടി കൊടുക്കത്തത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ചെന്നൈയിന്‍ പരാജയം അറിഞ്ഞിട്ടില്ലെങ്കിലും ഒരു വിജയം മാത്രമേ അവര്‍ക്ക് നേടാനായിട്ടുള്ളു. മത്സരത്തില്‍ ഒരു സമനില പോലും ചെന്നൈയിന്‍ സെമി സാധ്യത വര്‍ധിപ്പിക്കുമെന്ന് ഇരിക്കെ പ്രതിരോധാത്മക കളിയായിരുക്കും ചെന്നൈയിന്‍ പുറത്തെടുക്കുക.
കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ വിലക്ക് മാറി ലാല്‍റുവത്താര ടീമില്‍ തിരിച്ചെത്തുന്നത് ആരാധര്‍ക്ക് ആശ്വാസമാകും.