ആദിവാസിയല്ല അവന്‍ എന്‍റെ അനുജന്‍ ; ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനോട് മാപ്പ് പറഞ്ഞു മമ്മൂട്ടി
അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിനോട് മാപ്പ് അപേക്ഷിച്ച് മമ്മൂട്ടി. മധു ആദിവാസിയല്ല എന്നും അനുജന്‍ ആണെന്നുമാണ് തന്റെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടി കുറിച്ചത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. മമ്മൂട്ടി പറയുന്നു. കൂടാതെ വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട് എന്നും മമ്മൂട്ടി കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.