ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍; മുഴുവന്‍ പ്രതികളെയും പിടികൂടാതെ മൃതദേഹം കൊണ്ടുപോകില്ലെന്ന് മധുവിന്റെ അമ്മ
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായെന്ന് പാലക്കാട് എസ്.പി അറിയിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ നടക്കും. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.
ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ച മധുവിന്റെ മൃതദേഹം അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ആര്‍.ഡി.ഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. എന്നാല്‍ മുഴുവന്‍ പ്രതികളെയും പിടികൂടാതെ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ ബന്ധുക്കള്‍. മാനസീക രോഗിയായ തന്റെ മകനെ നാട്ടുകാരാണ് മര്‍ദ്ദിച്ച് കൊന്നതെന്ന് മധുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ഥലത്തെ ഡ്രൈവര്‍മാരാണ് ഇത് ചെയ്തതെന്നും അമ്മ മല്ലി പറഞ്ഞു. സംഭവത്തില്‍ അതിശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ തിരുവനന്തപുരത്ത് അറിയിച്ചു.
ആദിവാസി യുവാവ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കര്‍ശന നടപടിയെടുക്കണമെന്ന് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ റേഞ്ച് ഐ.ജിക്ക് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു
കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.