ആദിവാസി യുവാവിന്‍റെ കൊലപാതകം ; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഡ്വ.ഷോൺ ജോർജ്

അട്ടപ്പാടിയില്‍ മോഷണം നടത്തി എന്നാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊന്ന സംഭവത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി അഡ്വ.ഷോണ്‍ ജോര്‍ജ്. കാഴ്ചക്കണ്ണടക്കും സുഖചികില്‍സയ്ക്കുംവരെ ദിനേശ്ബീഡിയടക്കം വാങ്ങുന്ന പാവപ്പെട്ടവന്‍ കൊടുക്കുന്ന നികുതിപ്പണമെഴുതിയെടുക്കുന്ന സഹപ്രവര്‍ത്തകരെ ചുമക്കുന്ന മുഖ്യമന്ത്രി വിശപ്പു മൂലം ആമാശയം താറുമാറായി മാറാരോഗികളാകുന്ന കാടിന്റെയും മണ്ണിന്റെയും മക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍??? അറിയുന്നുണ്ടോ എന്ന് ഷോണ്‍ ചോദിക്കുന്നു.

കേരളത്തിനെ നമ്പര്‍ വണ്‍ സ്റ്റേറ്റാക്കിമാറ്റാന്‍ ടെലിവിഷന്‍ ടോക് ഷോയിലൂടെയും പതിനഞ്ചോളം ഉപദേശകരുടെ നിതാന്ത ജാഗ്രതയിലൂടെയും പൊതു ഖജനാവ് അങ്ങ് കാലിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങുയര്‍ത്തിപ്പിടിക്കുന്ന ചെങ്കൊടി അവേശപൂര്‍വ്വം ആദ്യമുയര്‍ത്തിപ്പിടിച്ച ചെറുമന്റെയും ക്ടാത്തന്റെയും കാളിയുടെയുമൊക്കെ പിന്‍ഗാമികല്‍ ഒരു നേരത്തെ ആഹാരത്തിനായി കൊതിച്ചുകൊണ്ട് കൊടുംപട്ടിണിയിലാണ് സാര്‍…അതിലൊരു മധുവിനെയാണ് സഖാവേ പരിഷ്‌കാരികള്‍ മോഷ്ടാവെന്ന് വിളിച്ച് അങ്ങ് ഭരിക്കുന്ന ഈ കേരളത്തില്‍ പട്ടാപ്പകല്‍ തല്ലിക്കൊന്നതെന്ന കാര്യവും അങ്ങ് വിസ്മരിക്കരുത്.. എന്ന ഒരു എളിയ അഭ്യര്‍ത്ഥന കൂടി,ഷോണ്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ നിരത്തുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോണ്‍ കത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആധിവാസികള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചിലവാക്കുന്നു എന്ന് പറയുന്നുണ്ട് എങ്കിലും ആദിവാസി ഊരുകള്‍ ഇപ്പോഴും പട്ടിണിയിലാണ് എന്നതാണ് സത്യം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ബഹു.മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
പ്രിയപ്പെട്ട മുഖ്യമന്ത്രീ,
കാഴ്ചക്കണ്ണടക്കും സുഖചികില്‍സയ്ക്കുംവരെ ദിനേശ്ബീഡിയടക്കം വാങ്ങുന്ന പാവപ്പെട്ടവന്‍ കൊടുക്കുന്ന നികുതിപ്പണമെഴുതിയെടുക്കുന്ന സഹപ്രവര്‍ത്തകരെ ചുമക്കുന്ന അങ്ങറിയുന്നുണ്ടോ വിശപ്പു മൂലം ആമാശയം താറുമാറായി മാറാരോഗികളാകുന്ന കാടിന്റെയും മണ്ണിന്റെയും മക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍???
അറിയുന്നില്ലെങ്കില്‍ ഒന്നു കണ്ണു തുറക്കണം സഖാവേ..കാരണം വെറുക്കപ്പെട്ട ഭൂമിക്കച്ചവടക്കാരനും,രവി പിള്ളമാരും,അങ്ങ് വിളിച്ചുചേര്‍ത്ത ലോക കേരള സഭയില്‍ പങ്കെടുത്ത പുത്തന്‍ പണക്കാരുമൊന്നുമല്ല ഇപ്പോള്‍ അങ്ങിരിക്കുന്ന സംസ്ഥാന സമ്മേളന വേദിക്കു ചുറ്റും പാറിപ്പറക്കുന്ന ചെങ്കൊടി ആദ്യമുയര്‍ത്തിയത്…ആ കൊടിയുയര്‍ത്താന്‍ അങ്ങയുടെ നാടായ പിണറായിലെ പാറപ്പുറത്തിരുന്ന് ഒരുപിടിയാളുകള്‍ തീരുമാനമെടുത്തപ്പോള്‍ ആ കൊടി ആദ്യം നെഞ്ചോടു ചേര്‍ത്ത് ഏറ്റുവാങ്ങിയത് ദാ ഈ ചിത്രത്തില്‍ കാണുന്ന കൊല്ലപ്പെട്ട മധുവിന്റെ മുന്‍ഗാമികളായ കാടിന്റെ മക്കളും നാട്ടിന്‍പുറങ്ങളിലുള്ള മണ്ണിന്റെ മക്കളുമാണെന്ന കാര്യം മറക്കരുത് സഖാവേ….
ടെലിവിഷന്‍ ടോക് ഷോയിലൂടെയും പതിനഞ്ചോളം ഉപദേശകരുടെ നിതാന്ത ജാഗ്രതയിലൂടെയും നമ്പര്‍ വണ്‍ സ്റ്റേറ്റാക്കി ഈ കൊച്ചു കേരളത്തെ ഉദ്ധരിച്ചെടുക്കാന്‍ പൊതു ഖജനാവ് അങ്ങ് കാലിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങുയര്‍ത്തിപ്പിടിക്കുന്ന ചെങ്കൊടി അവേശപൂര്‍വ്വം ആദ്യമുയര്‍ത്തിപ്പിടിച്ച ചെറുമന്റെയും ക്ടാത്തന്റെയും കാളിയുടെയുമൊക്കെ പിന്‍ഗാമികല്‍ ഒരു നേരത്തെ ആഹാരത്തിനായി കൊതിച്ചുകൊണ്ട് കൊടുംപട്ടിണിയിലാണ് സാര്‍…അതിലൊരു മധുവിനെയാണ് സഖാവേ പരിഷ്‌കാരികള്‍ മോഷ്ടാവെന്ന് വിളിച്ച് അങ്ങ് ഭരിക്കുന്ന ഈ കേരളത്തില്‍ പട്ടാപ്പകല്‍ തല്ലിക്കൊന്നതെന്ന കാര്യവും അങ്ങ് വിസ്മരിക്കരുത്…
ഒരു എളിയ അഭ്യര്‍ത്ഥന കൂടി,
സമ്മേളനത്തിരക്കും ചുറ്റിനുമുള്ള അണികളുടെ സ്‌പോണ്‍സേര്‍ഡ് ആരവങ്ങളുംമൊക്കെയൊഴിഞ്ഞ്…സാമൂഹിക മാദ്ധ്യമങ്ങളിലിരുന്ന് അങ്ങയെ സ്തുതിക്കുന്ന സൈബര്‍ സഖാക്കളുടെ പ്രഘോഷണങ്ങള്‍ കേട്ട് നിര്‍വൃതിയുമടഞ്ഞിട്ട് സമയം കിട്ടുമ്പോള്‍ അങ്ങ് ആ എ.കെ.ബാലനെ ഒന്നടുത്ത് വിളിച്ച് ഉറക്കെ വേണ്ടാ പതുക്കെ ചെവിയിലൊന്ന് ചോദിക്കണം”എന്നതാ പണീീന്ന്”…..ആ ഒറ്റ ചോദ്യത്തില്‍ ചിലപ്പോ നന്നായേക്കും..

സ്‌നേഹത്തോടെ,
അഡ്വ.ഷോണ്‍ ജോര്‍ജ്