ചികിത്സ നിഷേധിച്ചു ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസിക്ക് ദാരുണമായ അന്ത്യം
കോഴിക്കോട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചു കൊന്നതിനു പിന്നാലെ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച ആദിവാസി മരിച്ചു. നിലമ്പൂര്‍ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടന്‍(50) ആണ് മരിച്ചത്. അസുഖം കൂടി മെഡിക്കല്‍കോളേജില്‍ കൊണ്ടുവന്ന ഇയാള്‍ക്ക് മൂന്ന് മണിക്കൂറോളം കാത്ത് കിടന്നിട്ടും മതിയായ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യറായില്ല. അവസാനം കണ്ടന്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സാധാരണ രോഗികള്‍ക്ക് ലഭിക്കുന്ന ഒരു പരിഗണനയും ആദിവാസി ആയത് കൊണ്ട് തങ്ങള്‍ക്ക് ലഭിച്ചില്ല എന്ന് കണ്ടന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പാണ് സര്‍ക്കാര്‍ സംവിധാനങ്ങളിലും ആദിവാസികള്‍ക്ക് അവഗണന നേരിടേണ്ടി വരുന്നത്.