നടി ശ്രീദേവി അന്തരിച്ചു

ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാറായ പ്രശസ്ത നടി ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ശ്രീദേവി അന്തരിച്ചത്. ഭര്‍ത്താവ് ബോണി കപൂര്‍, മകള്‍ ഖുശി എന്നിവര്‍ മരണസമയത്ത് ശ്രീദേവിയ്‌ക്കൊപ്പം ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സഹോദരി ഭര്‍ത്താവ് സഞ്ജയ് കപൂര്‍ സ്ഥിരീകരിച്ചു നടിയുടെ മരണം പുറത്ത് വിട്ടു. ദുബായില്‍ വെച്ചാണ് അന്ത്യം. രാത്രി 11.30 നാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ക്കു ചടങ്ങില്‍ പങ്കെടുക്കവെ ഹൃദയാഘാതമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദി, മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചട്ടുണ്ട്. 1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.