ദുബായ് മനുഷ്യക്കടത്ത് കേസ് മൂന്ന് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവ്
കൊച്ചി : ദുബായ് മനുഷ്യ കടത്തു കേസിലെ മൂന്ന് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവ്. ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എറണാകുളം സിബിഐ പ്രത്യേക കോടതി ഒന്നുമുതല്‍ മൂന്നു വരെയും ഏഴാം പ്രതിയുമായ കെ.വി. സുരേഷ്, ലിസി സോജാന്‍, സേതു ലാല്‍, എന്നിവര്‍ക്ക് 10 വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും വിധിച്ചു. നാല് മുതല്‍ ആറ് വരെയുള്ള പ്രതികളായ അനില്‍ കുമാര്‍, ബിന്ദു, ശാന്ത,മനീഷ് എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 52000 രൂപ പിഴയും വിധിച്ചു. എന്നാല്‍ കേസിലെ ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് 16 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 13ഉം 14ഉം പ്രതികളെ മാപ്പു സാക്ഷികളാക്കി. അതേസമയം 16ാം പ്രതി താസിറയെ ഇതുവരെ സി ബി െഎക്ക് പിടികൂടാന്‍ സാധിച്ചിട്ടില്ല.
ഒന്നാം പ്രതി സുരേഷിന്റെ നേതൃത്വത്തില്‍ എട്ട് യുവതികളെ ദുബായിലെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ച് വാണിഭം നടത്തിയെന്നാണ് സിബി െഎ കണ്ടെത്തിയിരിക്കുന്ന കേസ്. തിരുവനന്തരപുരം സ്വദേശിനിയെ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 2013 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബി െഎ ഏറ്റെടുക്കുകയായിരുന്നു. പെണ്‍വാണിഭസംഘത്തിന്റെ പക്കല്‍ നിന്ന് രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനിയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. മനുഷ്യക്കടത്ത് റാക്കറ്റ് ഷാര്‍ജയിലേക്ക് കടത്തിയ യുവതി പെണ്‍വാണിഭസംഘത്തിന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തുകയായിരുന്നു.
കാര്യമായ വിദ്യാഭ്യാസമില്ലാത്ത യുവതികള്‍ക്ക് വിദേശത്ത് വീട്ടുജോലിക്ക് മികച്ച വേതനം വാഗ്ദാനം ചെയ്താണ് പ്രതികള്‍ വിദേശത്തേക്ക് കടത്തിയിരുന്നത്. ഗള്‍ഫിലെത്തിച്ച സ്ത്രീകളെ അവിടെ പോലീസിന്റെ പിടിയിലാവുമെന്നു ഭീഷണിപ്പെടുത്തി സുരേഷ് വീട്ടുതടങ്കലിലാക്കുകയായിരുന്നു പതിവ്. പിന്നീട് ഈ സ്ത്രീകളെ പെണ്‍വാണിഭസംഘങ്ങള്‍ക്കു കൈമാറുന്നതായിരുന്നു സുരേഷിന്റെ രീതി. എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും സംഭവത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതോടെ കേസിനു കൂടുതല്‍ പ്രാധാന്യം ലഭിക്കുകയായിരുന്നു.