ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം;ആരാധകനെ ഓടിച്ചിട്ട് തല്ലി

കൊച്ചി:ഐഎസ്എല്‍ മത്സരം നടക്കുന്നതിനിടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം. വെള്ളിയാഴ്ച നടന്ന ബ്ലാസ്റ്റേഴ്‌സ് – ചെന്നൈയിന്‍ മത്സരം കാണാനെത്തിയ ആരാധകനെ അകാരണമായി സ്വകാര്യ സുരക്ഷാ കമ്പനിയിലെ ജീവനക്കാരന്‍ മര്‍ദ്ദിച്ചു. തണ്ടര്‍ ഫോഴ്സ് എന്ന സുരക്ഷ കമ്പനിയിലെ ജീവനക്കാരനാണ് ആരാധകനെ മര്‍ദിച്ചത്. മര്‍ദിച്ച ജീവനക്കാരനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ യുവാവിനു സാരമായ പരുക്കുണ്ട്.