കാമുകി കാമുകന്മാരെക്കാള്‍ യുവാക്കള്‍ക്ക് പ്രിയം സ്വന്തം സ്മാര്‍ട്ട് ഫോണ്‍

യുവ തലമുറക്ക് തങ്ങള്‍ സ്നേഹിക്കുന്നവരെക്കാള്‍ ഏറ്റവും പ്രിയം സ്വന്തം സ്മാര്‍ട്ട് ഫോണ്‍ എന്ന് സര്‍വ്വേ. ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ മോട്ടോറോള വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ശ്രദ്ധേയമായ ഈ വിവരങ്ങളുള്ളത്. ‘മൈന്റ്-ബ്രെയിന്‍ ബിഹേവിയര്‍ ആന്റ് ദി സയന്‍സ് ഓഫ് ഹാപ്പിനസ്’ എന്ന വിഷയത്തില്‍ വിദഗ്ദയായ ഹാര്‍വാഡ് സര്‍വകലാശാലയിലെ നാന്‍സി എറ്റ്‌കോഫുമായി സഹകരിചാണ് മോട്ടോറോള ഈ പഠനം നടത്തിയത്. തങ്ങള്‍ ഇഷ്ട്ടപ്പെടുന്നവരെക്കാള്‍ കൂടുതല്‍ ഫോണിനെ സ്നേഹിക്കുന്നവരുടെ ആഗോള എണ്ണം 33 ശതമാനമാണ്.എന്നാല്‍ ഇന്ത്യയില്‍ 47 ശതമാനം പേര്‍ ഫോണിനാണ് മുന്‍ഗണന നല്‍കുന്നത്. ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ചുവളര്‍ന്നവരാണ് ഇതില്‍ ഏറ്റവും കൂടുതല്‍.

അവര്‍ക്കിടയില്‍ തന്നെയാണ് ഇത് മൂലം പ്രശ്‌നങ്ങള്‍ ഏറെയുള്ളതെന്നും. സര്‍വേയില്‍ പ്രതികരിച്ച 53 ശതമാനം പേരും തങ്ങളുടെ ഫോണിനെ ഏറ്റവും നല്ല സുഹൃത്തും സഹചാരിയും എന്ന രീതിയിലാണ് വിശദീകരിച്ചത്. ഇന്ത്യയില്‍ 65 ശതമാനം ആളുകളുടെ പ്രതികരണവും ഇതായിരുന്നു. അമേരിക്ക, ബ്രസീല്‍, ഫ്രാന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി 16 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള 4,418 സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളിലാണ് മോട്ടോറോള ഫോണ്‍-ലൈഫ് ബാലന്‍സ് സ്റ്റഡി നടത്തിയത്. 49 ശതമാനം ആളുകള്‍ തങ്ങള്‍ ഇടക്കിടെ ഫോണുകള്‍ പരിശോധിക്കുന്നവരാണെന്നും 35 ശതമാനം ആളുകള്‍ തങ്ങള്‍ ഏറെ നേരം ഫോണില്‍ ചെലവഴിക്കുന്നവരാണെന്ന് അഭിപ്രായമുള്ളവരാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.