ആരാധകര്‍ നിരാശരാകേണ്ട ബ്ലാസ്റ്റേഴ്സ് സെമി കളിക്കും; സാധ്യതകള്‍ ഇങ്ങനെ

കൊച്ചി:നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ എഫ്സിയോട് സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് സാങ്കേതികമായി ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. പക്ഷെ അതിത്തിരി പ്രയാസമുള്ള കാര്യമാണെന്ന് മാത്രം. സെമി ഉറപ്പിക്കണമെങ്കില്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ബെംഗളൂറുവിനെ തോല്‍പ്പിക്കുക മാത്രം ചെയ്താല്‍ പോരാ. മുംബൈ, ഗോവ , ജാംഷഡ്പൂര്‍ ടീമുകള്‍ കൂടി കനിയണം. 34 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ച ബംഗളൂരു എഫ് സിക്ക് പുറമേ 29 പോയിന്റ് വീതം ഉള്ള പൂനെ സിറ്റി , ചെന്നൈയിന്‍ എഫ് സി എന്നിവയുടെ നിലയും ഏറെക്കുറെ സുരക്ഷിതമാണ്.

നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത് 4 ടീമുകള്‍. നിലവില്‍ 26 പോയിന്റുമായി നാലാമതുളള ജംഷഡ്പൂര്‍ എഫ് സി. , 25 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് , 23 പോയിന്റുള്ള മുംബൈ സിറ്റി , 21 പോയിന്റുള്ള ഗോവ എഫ് സി. വ്യാഴാഴ്ച ബംഗളുരുവിനെതിരായ അവസാന മത്സരത്തില്‍ ജയിച്ചാല്‍ ബി;ബ്ലാസ്റ്റേഴ്‌സിന് 28 പോയിന്റാകും.

അങ്ങനെ വന്നാല്‍ ഇങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകള്‍

ബംഗളുരു , ഗോവ എന്നീ ശക്തരായ എതിരാളികളെ അവസാന മത്സരത്തില്‍ നേരിടുന്ന ജംഷഡ്പൂര്‍ രണ്ട് കളിയും തോല്‍ക്കുകയോ പരമാവധി ഒരു പോയിന്റ് കൂടി മാത്രം നേടുകയോ വേണം. ഗോവയ്ക്ക് മൂന്ന് ടീമുകളെ ബാക്കിയുണ്ട്. ജംഷഡ്പൂര്‍ , എടികെ , പൂനെ സിറ്റി. ഗോവ ജംഷഡ്പൂരിനെ തോല്‍പ്പിക്കുകയും മറ്റ് രണ്ട് ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ ഒന്നിലെങ്കിലും തോല്‍ക്കുകയും ചെയ്താല്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടമാകും .

മുംബൈയ്ക്ക് എതിരാളികള്‍ ചെന്നൈയിനെയും ഡല്‍ഹിയെയുമാണ്. 2 കളിയും മുംബൈ ജയിച്ചാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് പേടിക്കേണ്ടതുള്ളൂ.ഇത്രയും പറഞ്ഞത് ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെ തോല്‍പ്പിച്ചാല്‍ മാത്രം പ്രസക്തമാകുന്ന കണക്കുകള്‍. ബംഗളുരുവിനെതിരായ മത്സരം സമനിലയായാല്‍ പിന്നെ സൂപ്പര്‍ കപ്പില്‍ നോക്കാം.