ഫാന്‍ ഫയിറ്റ് ക്ലബ് (FFC)പൂട്ടി ; സ്വന്തം നായികമാരെ അസഭ്യം പറയാന്‍ കൂട്ട് നിന്നു എന്ന പേരില്‍ ഒമര്‍ ലുലുവിനും പണികിട്ടി
കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയ ഒരു ഗ്രൂപ്പാണ് ഫാന്‍ ഫയിറ്റ് ക്ലബ് അഥവാ FFC. ആരെ വേണമെങ്കിലും പരിഹസിക്കാം, പച്ചയ്ക്ക് തെറി വിളിക്കാം ,അപവാദങ്ങള്‍ പടച്ചുവിടാം എന്നുള്ളതായിരുന്നു ഈ ഗ്രൂപ്പിന്റെ പ്രത്യേകത. ഏത് പോസ്റ്റ് ഇട്ടാലും ആരും ചോദിക്കാനും പറയുവാനും വരില്ല എന്ന ഉറപ്പുള്ളത് കൊണ്ട് തോന്നിയത് പോലെയായിരുന്നു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഗ്രൂപ്പ് ഇപ്പോള്‍ പൂട്ടിയ നിലയിലാണ്. വയനാടന്‍ ആദിവാസികളെ കളിയാക്കിക്കൊണ്ട് ഗ്രൂപ്പില്‍ വന്ന ചില പോസ്റ്റുകള്‍ ആണ് ഗ്രൂപ്പിന് പണി കിട്ടാന്‍ കാരണമായത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന മധുവിനെ പ്പോലും ഇവര്‍ അധിക്ഷേപിച്ചിരുന്നു. താരാരാധകര്‍ക്ക് തമ്മില്‍ തല്ലാനുള്ള ഒരു ഗ്രൂപ്പ് എന്ന നിലയില്‍ തുടങ്ങിയ ഗ്രൂപ്പില്‍ നടന്നിരുന്നത് ശുദ്ധ തോന്നിവാസങ്ങള്‍ ആയിരുന്നു. താരങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധത്തിനപ്പുറം സ്ത്രീ വിരുദ്ധതയും വംശീയ വെറിയും ആയിരുന്നു എഫ്എഫ്സി എന്ന ഗ്രൂപ്പില്‍ കണ്ടു വന്നിരുന്നത്.
എന്നാല്‍ ഗ്രൂപ്പ് പൂട്ടിയതിന് പിന്നാലെ സംവിധായകന്‍ ഒമര്‍ ലുലുവിനും ഒരു പണി കിട്ടിയ അവസ്ഥയിലാണ്. അഡാര്‍ ലവ് സിനിമ ലോകപ്രശസ്തമായതോടെ ഏവര്‍ക്കും പരിചിതനാണ് ഒമര്‍ ഇപ്പോള്‍. അത് തന്നെയാണ് സംവിധായകന് പാരയായിരിക്കുന്നത്. ഒമര്‍ തന്റെ സിനിമയിലെ നായികമാരെ പറ്റിവരെ മോശം കമന്റുകള്‍ ഇടുന്നു എന്ന് കാട്ടി ഡെക്കാന്‍ ക്രോണിക്കല്‍ ഒരു ലേഖനം തന്നെ പ്രസിദ്ധീകരിചിരിക്കുകയാണ് ഇപ്പോള്‍.ഒറ്റ പാട്ടുകൊണ്ട് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയ പ്രിയ പ്രകാശ് വാര്യരേയും ഇവര്‍ വെറുതേ വിട്ടിരുന്നില്ല. അശ്ലീല പോസ്റ്റുകളും അശ്ലീല കമന്റുകളും സ്ഥിരമായിരുന്നു. വെര്‍ബല്‍ റേപ്പ് എന്ന പദമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഡെക്കാണ്‍ ക്രോണിക്കിള്‍ ഉപയോഗിച്ചിരിക്കുന്നത്. ചില കമന്റുകള്‍ അതിനും അപ്പുറം ആണെന്ന് പറയാതെ വയ്യ. സംവിധായകന്‍ ഒമര്‍ ലുലു ഈ ഗ്രൂപ്പില്‍ അംഗമാണ്. തന്റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് തന്നെയാണ് ഒമര്‍ ഈ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടുന്നതും, പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യുന്നതും. തന്റെ സിനിമയിലെ നായികയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്ക് താഴെ വരെ ഒമര്‍ ലുലുവിന്റെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രിയ വാര്യരെ പ്രിയ കുട്ടൂസ് എന്നാണ് പല ആരാധകരും വിളിക്കുന്നത്.
എഫ്എഫ്സിയിലും അത്തപം വിളികള്‍ക്ക് കുറവില്ല. എന്നാല്‍ പ്രിയയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിന് ശേഷം പറയുന്ന കാര്യങ്ങള്‍ വെര്‍ബല്‍ റേപ്പ് തന്നെ ആണ് എന്നതില്‍ ഒരു സംശയവും ഇല്ല. ഒമര്‍ ലുലു സജീവമായ ഗ്രൂപ്പില്‍ ഇത്തരം അധിക്ഷേപങ്ങള്‍ നടന്നിട്ടും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ അദ്ദേഹം തയ്യാറായിട്ടും ഇല്ല. കൂടാതെ ചങ്ക്‌സ് എന്ന സിനിമ ഇറങ്ങിയ സമയം അതിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയ ഒരു പെണ്ണിനെ പരസ്യമായി അനാവശ്യം പറഞ്ഞതിനെ തുടര്‍ന്ന് സിനിമാ പാരഡൈസോ ക്ലബ്ബില്‍ നിന്നും ഒമര്‍ ലുലുവിനെ പുറത്താക്കിയിരുന്നു. അതുപോലെ ഫാന്‍ ഫൈറ്റ് ക്ലബ്ബിലെ ദളിത് വിരുദ്ധതയെ കുറിച്ചും സ്ത്രീ വിരുദ്ധതയെ കുറിച്ചും വിമര്‍ശനം ഉന്നയിച്ച മുകേഷ് കുമാര്‍ എന്ന വ്യക്തിക്ക് നേരേയും കടുത്ത എതിര്‍പ്പ് ഗ്രൂപ്പ് മെമ്പര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ അശ്വന്ത് കോക്ക് എന്ന വ്യക്തി തന്നെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
ആദിവാസി സമൂഹത്തെ മുഴുവന്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇതിന് മുമ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. എങ്കില്‍ പോലും അവ പിന്‍വലിക്കാന്‍ ഫാന്‍ ഫൈറ്റ് ഗ്രൂപ്പ് തയ്യാറായിരുന്നില്ല. വിവാദങ്ങള്‍ ശക്തമായപ്പോള്‍ ഗ്രൂപ്പിനെതിരെ മാസ്സ് റിപ്പോര്‍ട്ടിങ്ങും വന്നു. പലരും പരാിതകളുമായി രംഗത്തിറങ്ങാനും തുടങ്ങി. ഇതോടെ ഗ്രൂപ്പ് തന്നെ പൂട്ടി മുങ്ങിയിരിക്കുകയാണ് പിന്നണിക്കാര്‍. അതേസമയം വിഷയത്തില്‍ ഒമര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം FFC യെ കുറ്റപ്പെടുത്തി ലേഖനം ഇട്ട പത്രത്തിനും അത് ഷെയര്‍ ചെയ്തവര്‍ക്കും എതിരെ വ്യാപകമായ എതിര്‍പ്പാണ് FFC അംഗങ്ങളുടെ ഭാഗത്ത് നിന്നും വരുന്നത്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പലരും കമന്റുകള്‍ ഇടുന്നത്. ഒരു വിഭാഗം ആള്‍ക്കാരെ എന്തിനും പോന്ന ഒരു സംഘമാക്കി മാറ്റാന്‍ കുറഞ്ഞ കാലം കൊണ്ട് ഈ FFC ഗ്രൂപ്പിന് സാധിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. ഉള്ളതിലും ശക്തിയായി ഗ്രൂപ്പ് തിരിച്ചു വരും എന്നാണു ഇവരുടെ വെല്ലുവിളി.