ഷുഹൈബ് വധം: അഞ്ചുപേര്‍ കൂടി കസ്റ്റഡിയില്‍, പിടികൂടിയത് കര്‍ണാടകയില്‍നിന്ന്
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നുപേര്‍ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് വിവരം. കര്‍ണാടകയില്‍നിന്നാണ് ഇവരില്‍ ചിലരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് അല്പസമയത്തിനകം രേഖപ്പെടുത്തും.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ഈമാസം പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഘത്തിലെ രണ്ടുപേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ രണ്ടു പേരെ കഴിഞ്ഞ ശനിയാഴ്ച പൊലീസ് പിടികൂടിയിരുന്നു.പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശത്തിലാണ് കൊലപാതകമെന്ന് ആകാശ് മൊഴി നല്‍കിയിരുന്നു.