ഷുഹൈബ് കൊലക്കേസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ സര്‍ക്കാര്‍ അനുകൂല പോലീസുകാരുടെ തീരുമാനം

ഷുഹൈബ് കൊലക്കേസ് അനുകൂല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം. അനുകൂല പോലീസുകാര്‍. പാര്‍ട്ടി അനുകൂലികളായ പോലീസുകാരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അരങ്ങേറിയത്. മാത്രുഭൂമി ഓണലൈന്‍ ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത‍ പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരെ വീടുകയറി മര്‍ദിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാമെന്ന് പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പായ ‘ഡ്യൂട്ടി ഫ്രണ്ട്‌സ്’ എന്ന ഗ്രൂപ്പിലെ ചാറ്റില്‍ ഒരു പോലീസുകാരന്‍ പറയുന്നു. ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പുച്ഛമാണെന്നാണ് മറ്റൊരു പ്രതികരണം.

‘ഒരുവിഭാഗം മാത്രം മരിക്കുമ്പോഴെന്താ മാധ്യമ തമ്പുരാക്കന്മാര്‍ ഉറഞ്ഞുതുള്ളുന്നത്. എല്ലാം മനുഷ്യജീവനുകള്‍ തന്നെയല്ലേ’ – എന്നും ഇതേ പോലീസുകാരന്‍ ചോദിക്കുന്നു. കുരുത്തക്കേട് കാണിക്കരുതെന്ന് ഓര്‍മിപ്പിച്ച ഒരാളുടെ രണ്ടുകൈയും തല്ലിയൊടിച്ചതിന്റെ വിശദാംശങ്ങളും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. പോലീസില്‍ ചാരന്മാരുണ്ടെന്ന ആക്ഷേപം ശക്തമായതോടെയാണ് സി.പി.എം. അനുകൂലികളായ പോലീസുകാരുടെ സാമൂഹികമാധ്യമങ്ങളിലെ പ്രതിഷേധം. സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ത്തുന്നെന്ന പേരില്‍ പല പോലീസുകാരുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കാനും ഇവര്‍ തുടങ്ങിയിട്ടുണ്ട്. സി.പി.എം. സൈബര്‍ പോരാളികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി അനുകൂല ഗ്രൂപ്പുകളിലൂടെയാണിത്.