മധുവിന്‍റെ ജീവിതം തകര്‍ത്തത് ഒരു പ്രണയം ; മാനസിക രോഗിയായത് കാമുകിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതിന് ശേഷം
മലയാളിയുടെ അഹങ്കാരത്തിന് ഏറ്റ അടിയായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നത്. വിശപ്പ് കാരണം അരി മോഷ്ട്ടിച്ചു എന്ന കുറ്റത്തിനാണ് നാട്ടുകാര്‍ മനസാക്ഷി ഇല്ലാതെ മധുവിനെ മര്‍ദിച്ചത്. ഒരു സാധാരണ യുവാവായിരുന്ന മധുവിന്റെ ജീവിതം തന്നെ തകര്‍ക്കാന്‍ കാരണമായത് ഒരു പ്രണയമായിരുന്നു എന്ന് മംഗളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന മധുവിന്റെ ജീവിതത്തില്‍ എപ്പോഴും വിധിയുടെ വിളയാട്ടമായിരുന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മൂപ്പന്റെ പെങ്ങളായ മല്ലിയുടേയും മല്ലന്റെയും മകനാണ് മുപ്പത്തിരണ്ടുകാരനായ മധു. രണ്ട് സഹോദരിമാരുമുണ്ട് മധുവിന്. കുട്ടിക്കാലത്ത് പഠിക്കാന്‍ മിടുക്കനായിരുന്നു മധുവെന്ന് ബന്ധുക്കള്‍ പറയുന്നു. ശ്രീശങ്കരയിലെ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു ആറാം ക്ലാസ്സ് വരെ മധു പഠിച്ചിരുന്നത്. ദിവസവും 22 കിലോമീറ്റര്‍ യാത്രചെയ്താണ് മധു പഠിക്കാന്‍ പോയിരുന്നത്.
എന്നാല്‍ അച്ഛനായ മല്ലന്റെ അപ്രതീക്ഷിതമായ മരണം കാരണം മധുവിന് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കുടുംബത്തിന്റെ ബാധ്യത മധുവിന് ഏറ്റെടുക്കേണ്ടി വന്ന മധു പഠനം ഉപേക്ഷിച്ച് ജോലി തേടിയിറങ്ങി. ആദ്യം വനവിഭവങ്ങള്‍ ശേഖരിക്കുന്ന തൊഴിലിലായിരുന്നു ഏര്‍പ്പെട്ടത്. പിന്നീട് ആദിവാസികള്‍ക്കുള്ള തൊഴില്‍ പരിശീലനത്തിന് പാലക്കാട് എത്തിയ മധു ഒരു നാട്ടുകാരിയാ ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയത്തില്‍ പെടുകയായിരുന്നു. മുട്ടിക്കുളങ്ങരയിലായിരുന്നു ഐടിഡിപി വഴിയുള്ള പരിശീലനം നടന്നിരുന്നത് തടിപ്പണിയിലും നിര്‍മ്മാണ തൊഴിലിലും ആയിരുന്നു മധു പരിശീലനം നേടിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ വിവരം അറിഞ്ഞതോടെ മധുവിനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. അന്ന് തലയ്ക്കേറ്റ അടി മധുവിന്റെ മനോനില തെറ്റിച്ചു എന്ന് ബന്ധുക്കള്‍ പറയുന്നു. ആ ആക്രമണത്തിന് ശേഷം മധുവിന് ആളുകളെ ഭയമായിരുന്നു. തുടര്‍ന്ന് കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലടക്കം മധുവിനെ വര്‍ഷങ്ങളോളം ചികിത്സിച്ചുവെങ്കിലും ഫലമുണ്ടായില്ല.
പിന്നെ മധുവിന്റെ ജീവിതം കാട്ടിലെ ഗുഹയില്‍ ഒറ്റപ്പെട്ടുള്ളതായിരുന്നു. വിശക്കുമ്പോള്‍ കാട്ടിലെ കായ്കനികള്‍ പറിച്ച് ഭക്ഷിക്കും. വല്ലാതെ വിശക്കുമ്പോഴാണ് ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങാറുള്ളത്. പലപ്പോഴായി മോഷണം നടത്തുന്നു എന്നാരോപിച്ച് നാട്ടുകാര്‍ മധുവിനെ മര്‍ദിക്കുക പതിവായിരുന്നു. ആക്രമണം ഭയന്ന് പകല്‍ പുറത്തിറങ്ങുന്നത് പോലും മധു അവസാനിപ്പിച്ചിരുന്നു. പാതിരാത്രിയാണ് ഗുഹയില്‍ നിന്നും പുറത്തിറങ്ങാറ്. സംഭവ ദിവസം വിശപ്പ് സഹിക്കാതെയാണ് മധു അരി ചോദിച്ച് നാട്ടിലേക്ക് ഇറങ്ങിയതും മര്‍ദിക്കപ്പെട്ടതും. കാട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഫോറസ്റ്റ് ഗാര്‍ഡുകളാണ് മധു വനത്തില്‍ ഉണ്ടെന്ന് നാട്ടുകാരെ അറിയിച്ച്. തുടര്‍ന്ന് കാട്ടിലെത്തി മുപ്പതോളം പേര്‍ വരുന്ന സംഘം മധുവിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളമായിരുന്നു മര്‍ദനം. വിശക്കുന്നുവെന്നും വെള്ളം വേണമെന്നും മധു പറഞ്ഞത് കേള്‍ക്കാനുള്ള മനസാക്ഷി പോലും ആരും കാണിച്ചില്ല.