ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യ മന്ത്രി ; പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തില്‍ പങ്കാളികളായ ബാക്കി പ്രതികളെ ഒരാഴ്ചയ്ക്കുള്ളില്‍ പിടികൂടും. കേസിലെ അന്വേഷണം മികച്ചരീതിയിലാണ് പോകുന്നത്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂര്‍വമായ അന്വേഷണമാണു നടക്കുന്നത്. രണ്ടു പേരാണു ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണു സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ 2016ല്‍ ഏഴായിരുന്നത് 2017ല്‍ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്കു കടന്നു.

വിറകുകീറുന്നതു പോലെയാണു മനുഷ്യശരീരം വെട്ടിമുറിച്ചതെന്നു അടിയന്ത പ്രമേയസത്തിനു നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് പറഞ്ഞു. ഷുഹൈബിനെ കൊല്ലിച്ചവരെയും പിടിക്കണം. മുഖ്യമന്ത്രി കൊലപാതകം നിസാരവല്‍ക്കരിക്കുകയാണ്. പൊലീസില്‍നിന്ന് രഹസ്യങ്ങള്‍ ചോരുന്നുവെന്ന് ഐജി തന്നെ പറഞ്ഞത് അതീവ ഗൗരവതരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.