ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും; അംബാനിയുടെ സ്വകാര്യവിമാനം ദുബായില്‍

മുംബൈ: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഉച്ചയ്ക്കു ശേഷം സംസ്‌കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അനില്‍ അംബാനിയുടെ സ്വകാര്യ ജറ്റ് വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സില്‍ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകിയതിനാലാണ് ഞായറാഴ്ച മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ സാധിക്കാതിരുന്നത്.

എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി പരിപൂര്‍ണ റിപ്പോര്‍ട്ട് നല്‍കാനുള്ള ദുബായ് പോലീസിന്റെയും ഗവണ്‍മെന്റിന്റെയും തീരുമാനപ്രകാരമാണ് രക്തസാമ്പിളുകളുടെ കൂടി പരിശോധന നടത്താന്‍ തീരുമാനിച്ചത്. പരിശോധന ഫലം വരുന്നതുവരെ മോര്‍ച്ചറിയിലെ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിക്കുന്നത്. മൃതദേഹം മറ്റുള്ളവരെ കാണിക്കുന്നതിനു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ആരെയും മൃതദേഹം കാണാന്‍ അനുവദിച്ചിട്ടില്ല.

രക്തസാമ്പിളുകളുടെ പരിശോധനയ്ക്കുശേഷം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ഇത് കിട്ടിയാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കണം. തുടര്‍ന്ന് മൊഹൈസിനയിലെ എംബാമിങ് സെന്ററില്‍നിന്ന് മൃതദേഹം എംബാം ചെയ്തശേഷം മാത്രമേ വിമാനത്തില്‍ കയറ്റാന്‍ കഴിയുകയുള്ളൂ. ഉച്ചതിരിഞ്ഞ് തന്നെ മൃതദേഹം അയയ്ക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാവരും.