ത്രിപുര ബിജെപിക്ക് ഒപ്പമെന്ന് എക്സിറ്റ്പോള്‍ ഫലം

ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അവസാനമായി എന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. ഇരുപത്തിയഞ്ച് വര്‍ഷത്തെ സി.പി.എം ഭരണത്തിന് അവസാനം കുറിച്ച് ത്രിപുര ഇത്തവണ ബി.ജെ.പി ഭരിക്കുമെന്നാണ് ന്യൂസ് എക്‌സ്, ആക്‌സിസ് മൈ ഇന്ത്യ എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന ആദ്യ എക്‌സിറ്റ്‌പോള്‍ ഫലം തന്നെ ബിജെപിക്ക് അനുകൂലമായി മാറിയിരിക്കുകയാണ്. ആകെയുള്ള 60 സീറ്റില്‍ ബി.ജെ.പി, ഐ.പി.എഫ്.ടി സഖ്യം 45 മുതല്‍ 50 സീറ്റ് വരെ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം.

സി.പി.എം ഒമ്പത്, പത്ത് സീറ്റില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. അതേസമയം ന്യൂസ് എക്‌സ് ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിന് 35 മുതല്‍ 45 സീറ്റ് സീറ്റ് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. സി.പി.എം 14 മതുല്‍ 23 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു. അതേസമയം കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും ഫലം പറയുന്നു. ത്രിപുരയ്ക്ക് പുറമെ നാഗാലാന്‍ഡ്, മേഘാലയ എന്നിവടങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ആക്‌സിസ് ഇന്ത്യയും, ന്യൂസ് എക്‌സും പ്രവചിക്കുന്നുണ്ട്.