കള്ളം പറഞ്ഞ് ഒരാഴ്ച്ച സ്‌കൂളില്‍ പോകാതെ നിന്നു; അച്ഛന്‍ മകനെ പൊരിവെയലത്ത് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു

സ്‌കൂളില്‍ പോകാതെ കള്ളമടിച്ച് വീട്ടില്‍ നിന്ന മകനെ അച്ഛന്‍ പൊരിവെയിലത്ത് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. തെലുങ്കാനയിലെ ബദ്രാചലത്തിലാണ് സംഭവം നടന്നത്. കുട്ടിയെ ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

കമലാപൂര്‍ ആദര്‍ശ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ ഖോല്ലയെയാണ് അച്ഛന്‍ പൊരിവെയിലത്ത് കെട്ടിയിട്ടതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഖോല്ല സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. ഇത് അച്ഛന്‍ ചോദ്യം ചെയ്യുകയും വഴക്കു പറഞ്ഞ ശേഷം പോസ്റ്റില്‍ കെട്ടിയിടുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് തെലുങ്കാനയിലെ ബാലാവകാശ സംഘടനയായ ബാലാല ഹക്കുള സംഘം ജോയിന്റ് കളക്ടറെ വിവരമറിയിച്ചു. ഔദ്യോഗിക സംഘം ഗ്രാമത്തില്‍ എത്തി സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. മാതാപിതാക്കളെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുന്നുണ്ട്.