ഷുഹൈബ് വധം ; കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെയെന്നു പോലീസിനോട് ഹൈക്കോടതി

യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകത്തില്‍ പോലീസിന് ഹൈകോടതിയുടെ വിമര്‍ശനം. കൊലപാതകം ഇത്ര ദിവസമായിട്ടും ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. അതുപോലെ അന്വേഷണ വിവരങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തന്നെ ചോരുന്നുണ്ടെന്ന പരാമര്‍ശം ഗുരുതരമാണെന്നും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഇത്.

ഹര്‍ജി പരിഗണിക്കവെ വെട്ടേറ്റ് വീണ ഷുഹൈബിന്റെ ചിത്രം ഹൈക്കോടതി ജഡ്ജി ഉയര്‍ത്തിക്കാട്ടി. ഇത്തരത്തില്‍ ഒരാളെ വെട്ടിക്കൊല്ലാമോയെന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് ഹൈക്കോടതിയില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റേയും സി.ബി.ഐയുടേയും വിശദീകരണത്തിനായി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. നിലവില്‍ കേസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഷുഹൈബിന്റെ പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.