നിയമസഭയിലെ സംഘര്‍ഷം: എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിച്ചു; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: 2015-ല്‍ കെ.എം മാണിയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിലുണ്ടായ കൈയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എല്‍.ഡി.എഫ് എംഎല്‍എ മാര്‍ക്കെതിരായ കേസാണ് പിന്‍വലിച്ചത്. കേസില്‍ പ്രതിയായ വി. ശിവന്‍കുട്ടിയുടെ അപേക്ഷ പ്രകാരമാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

പ്രതിയായ ആളുടെ അപേക്ഷ പരിഗണിച്ച് കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും കേസ് പിന്‍വലിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. സംഘര്ഷമുണ്ടായതില്‍ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതിന് പ്രസക്തിയില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കറ്റ് വിശദീകരണം.

2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം. കെ.എം.മാണിക്കെതിരെ ബാര്‍ കോഴ കേസ് ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ രാത്രി മുഴുവന്‍ കുത്തിയിരുന്നു. രാവിലെ നിയമസഭയിലേക്ക് എത്തിയ സ്പീക്കറെ തടയുകയും കസേര വലിച്ചെറിയുകയും ചെയ്തു. കംപ്യൂട്ടറുകളും മൈക്കും തകര്‍ത്തു.സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
വി. ശിവന്‍കുട്ടി ഉള്‍പ്പെടെ അന്നത്തെ ആറ് ഇടത് എംഎല്‍എമാരായിരുന്നു കേസിലെ പ്രതികള്‍.
നിയമസഭയുടെ ചരിത്രത്തില്‍ ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.