അങ്ങനെ നമ്മുടെ കൊച്ചി മെട്രോയെയും സിനിമേലെടുത്തു ; ആദ്യ ചിത്രീകരണം തെലുങ്കിലെ ‘ലവര്‍’
കൊച്ചി: മലയാളികളുടെ സ്വന്തം കൊച്ചി മെട്രോ ആദ്യമായി സിനിമാ ചിത്രീകരണത്തിനു വേദിയായി. തെലുങ്ക് ചിത്രമായ ‘ലവറി’ന്റെ ചിത്രീകരണമാണ് തിങ്കളാഴ്ച ഇടപ്പള്ളിയിലെ മെട്രോ സ്റ്റേഷനില്‍ നടന്നത്. ചിത്രത്തിലെ ചില ഗാനരംഗങ്ങളാണ് സ്റ്റേഷനു മുന്‍വശവും പ്‌ളാറ്റ്‌ഫോമും ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലായി ചിത്രീകരിച്ചത്. നാലു മണിക്കൂര്‍കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. സിനിമ ചിത്രീകരണങ്ങള്‍ക്കായി മണിക്കൂറിന് ഒരുലക്ഷം രൂപയാണ് കെഎംആര്‍എല്‍ ഈടാക്കുന്നത്.
കൂടാതെ ചിത്രീകരണത്തിനു മുന്‍പ് സ്റ്റേഷനില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഒപ്പിട്ടു നല്‍കണം. രണ്ടുലക്ഷം രൂപ ബോണ്ടും കെട്ടിവയ്ക്കണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കെഎംആര്‍എല്‍ പ്രത്യേകം ജീവനക്കാരെയും ചുമതലപ്പെടുത്തിയിരുന്നു.ട്രെയിനിനുള്ളിലാണെങ്കില്‍ മണിക്കൂറിന് രണ്ടു ലക്ഷം രൂപയാണ് നിരക്ക്.
മുന്‍പ് ഏതാനും പരസ്യചിത്രങ്ങളുടെ ചിത്രീകരണം മെട്രോയില്‍ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് സിനിമാ ഷൂട്ടിങ്ങിന് വേദിയാകുന്നത്. യുവനടന്‍ രാജ് തരുണ്‍ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം അനീഷ് കൃഷ്ണയാണ്. റിദ്ദി കുമാറാണ് നായിക. കുട്ടനാട്ടുകാരിയായ നേഴ്‌സിന്റെ വേഷമാണ് റിദ്ദി കുമാറിന്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളമാണ്. കുട്ടനാട്, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലാണ് മറ്റു ഭാഗങ്ങളുടെ ചിത്രീകരണം.