അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡും കടത്തി വെട്ടി കോഹ്ലി കുതിക്കുന്നു; പക്ഷെ സ്മിത്തിനെ മറികടക്കാന്‍ കൊഹ്ലിക്കാകുമോ

കേപ് ടൗണ്‍:ഇതിഹാസ താരം സച്ചിന് ശേഷം ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഒന്ന് കൊഹ്‌ലിയെക്കുറിച്ചാണ്. ക്രിക്കറ്റിലെ റെക്കോഡുകള്‍ ഓരോന്നായി തിരുത്തിയെഴുതുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ താരം അലന്‍ ബോര്‍ഡറേയും മറികടന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. വിദേശ മണ്ണില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമെത്തെ ക്യാപ്റ്റനെന്ന റെക്കോഡാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 14 ഇന്നിങ്സില്‍ നിന്ന് 79.18 ശരാശരിയില്‍ 871 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഇതില്‍ രണ്ടു അര്‍ധസെഞ്ചുറിയും നാല് സെഞ്ചുറികളും ഉള്‍പ്പെടുന്നു. 1985ല്‍ ഇംഗ്ലണ്ടിനെതിരെ അലന്‍ ബോര്‍ഡര്‍ 785 റണ്‍സ് നേടിയിരുന്നു. ഈ റെക്കോഡ് മറികടന്നാണ് കോലി രണ്ടാമതെത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ പുതിയ റെക്കോര്‍ഡിട്ട കോഹ്ലിക്ക് മുന്നില്‍ മറികടക്കാന്‍ ഇനിയുള്ളത് മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ റെക്കോര്‍ഡാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്താണ് ഇക്കാര്യത്തില്‍ മുന്പിലുള്ളത്. ഇംഗ്ലണ്ടിനെതിരെ 16 ഇന്നിങ്സില്‍ നിന്ന് 937 റണ്‍സ് നേടിയാണ് സ്മിത്ത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഇന്ത്യക്കെതിരെ 13 ഇന്നിങ്സില്‍ നിന്ന് 769 റണ്‍സടിച്ച അലെസ്റ്റയര്‍ കുക്കാണ് നാലാമതുള്ളത്.