ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു ; സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട്

അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ശ്രീദേവിയുടെ കുടുംബാംഗങ്ങളും ഈ വിമാനത്തിലുണ്ടായിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരനും നടനുമായ അനില്‍ കപൂര്‍ മറ്റൊരു സഹോദരനായ സജീവ് കപൂര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ബോണി കപൂറിന്റെ മക്കളായ അര്‍ജുന്‍ കപൂറും, അനുഷുല കപൂറും ജാന്‍വിയും ഖുഷിയും വിമാനത്താവളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂറും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് 3.30 ന് മുംബൈയില്‍ നടക്കും.

വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലാവും ചടങ്ങുകള്‍. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. മൂന്നരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ക്യാമറകളും മറ്റും പുറത്ത് വച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. കര്‍മ്മങ്ങള്‍ നടക്കുന്ന വേദികളിലൊരിടത്തും ക്യാമറ അനുവദിച്ചിട്ടില്ല. ശ്രീദേവിയുടെ മരണം സംബന്ധിച്ച് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.