വാഹനമിടിച്ച് ഒമ്പതു കുട്ടികള്‍ മരിച്ചു; ബി.ജെ.പി. നേതാവിന്റെപേരില്‍ കേസ്

പട്ന: ബിഹാറില്‍ വാഹനമിടിച്ച് ഒമ്പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് ബി.ജെ.പി. നേതാവിന്റെ പേരില്‍ കേസ്. ശനിയാഴ്ച മുസാഫര്‍പുര്‍ ജില്ലയിലെ ദേശീയപാതയിലുണ്ടായ അപകടത്തില്‍ ധരംപുര്‍ സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. അപകടത്തില്‍ ബി.ജെ.പി. നേതാവ് മനോജ് ബൈഠയ്ക്ക് പങ്കുണ്ടെന്ന പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

റോഡ് മുറിച്ചുകടക്കുമ്പോള്‍ അതിവേഗത്തില്‍വന്ന ജീപ്പ് കുട്ടികളെ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്നത് ബൈഠയാണെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ മറ്റു കുട്ടികള്‍ ചികിത്സയിലാണ്.

ബൈഠയെ അറസ്റ്റുചെയ്യണമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈഠ ഒളിവിലാണ്. അപകടത്തില്‍ അഞ്ചു പേരക്കുട്ടികളെ നഷ്ടപ്പെട്ട ധരംപുര്‍ സ്വദേശി മോ അന്‍സാരിയുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.

സിതാമഹി ജില്ലാ സ്വദേശിയായ ബൈഠയെ അറസ്റ്റു ചെയ്യുന്നതിനായി പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു.

അപകടമുണ്ടായ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് ബൈഠയാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. അപകടമുണ്ടായശേഷം ബൈഠ വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അപകടമുണ്ടായതിന്റെ തൊട്ടുപിറകേ രോഷാകുലരായ ജനം ധരംപുര്‍ സ്‌കൂളിലെ അധ്യാപകരെ മര്‍ദിക്കുകയും സ്‌കൂളിലെ കസേരകളും ബെഞ്ചുകളും കത്തിക്കുകയും ചെയ്തിരുന്നു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.