നടി ശ്രീദേവിക്ക് ഇന്ന് യാത്രാമൊഴി; താരത്തെ ഒരു നോക്ക് കാണാന്‍ കൊതിച്ച് ആയിരങ്ങള്‍

മുംബൈ: ഞായറാഴ്ച ദുബായില്‍ മരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ശവ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഏറെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമൊടുവിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മൃതദേഹം അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തില്‍ മുംബൈയിലെത്തിച്ചത്.

ഭര്‍ത്താവ് ബോണി കപൂര്‍, അനുജന്‍ സഞ്ജയ് കപൂര്‍, ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ വിമാനത്താവളത്തിലും മുംബൈയിലെ വസതിയിലും വന്‍ജനക്കൂട്ടമാണെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ഇടയ്ക്കിടെ ലാത്തി ചാര്‍ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്‍പിലുണ്ടായി. വൈകിട്ട് 3.30വ് പര്‍ലെ ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാരം.

ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെക്കും. അനുശോചനയോഗവും ഇവിടെ നടക്കും. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഇവിടെ ക്യാമറകള്‍ അനുവദിക്കില്ലെന്ന് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഉച്ചയ്ക്ക് രണ്ടിന് വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ വിലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര പുറപ്പെടും.

ദുബായിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ശ്രീദേവിയുടെ മരണത്തില്‍ അവ്യക്തത നിലനിന്നിരുന്നതിനാല്‍ വിശദമായ ഫോറന്‍സിക് പരിശോധനകള്‍ക്കുശേഷം, ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം വഹിച്ച പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.