ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്‍റെ അംശം കണ്ടെത്തി ശാസ്ത്രലോകം
ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ (Enceladus) ജീവനുണ്ടാകാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍സെലാഡസില്‍ എകകോശജീവികളുടെ ഒരു കോളനിയുണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓക്സിജന്‍ ഇല്ലാത്ത അവസ്ഥയില്‍ വളരുന്ന ഏകകോശ ജീവികളാണ് ഇവിടെ കണ്ടെത്തിയത്. അത്തരത്തിലൊന്ന് എന്‍സെലാഡസിലും കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ‘നേച്ചര്‍ കമ്മ്യൂണിക്കേഷന്‍’ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മീഥേന്‍ വാതകം ഉത്പാദിപ്പിക്കുന്ന ഏകകോശ ജീവികളാകാം അവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സെലാദസില്‍ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വളരെ ചെറിയ അളവില്‍ മാത്രമാണ് വാതകത്തിന്റെ സാന്നിധ്യം അവിടെയുള്ളത്. അതിനാല്‍ ജൈവപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാകും ആ മീഥേന്‍ എന്നാണ് ഗവേഷകരുടെ നിഗമനം.
ജര്‍മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. എന്‍സെലാഡസിലെ പാറകള്‍ക്കിടയില്‍ ഇത്തരത്തില്‍ സൂഷ്മജീവികള്‍ ഉണ്ടാകാമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. അടുത്തിടെ നടന്ന പഠനങ്ങളില്‍ എന്‍സെലാഡസില്‍ മഞ്ഞു നിറഞ്ഞ ഉപരിതലത്തിനടിയില്‍ വലിയൊരു സമുദ്രം തന്നെ മറഞ്ഞുകിടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മീഥേന്‍ വാതകത്തിന് പുറമെ കാര്‍ബണ്‍ഡൈ ഓക്സൈഡ്, അമോണിയ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അവിടെ ജിവനുണ്ടാകാന്‍ സാധ്യത ഏറെയാണെന്നാണ് കരുതപ്പെടുന്നത്.