ആറ്റുകാല്‍ ദേവിക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തി വരാറുള്ള കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമിഷന്‍ കേസെടുത്തു. ഈ ആചാരം ബാലാവകാശ ലംഘനമെന്ന് ആരോപണമുയര്‍ന്നതിനാലാണ് നടപടി. നേരത്തെ കുത്തിയോട്ടത്തിനെതിരെ ഡി.ജി.പി ആര്‍.ശ്രിലേഖ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. ദേവീ പ്രീതിക്കായി കുട്ടികളുടെ ചോര വരെ എടുക്കുന്ന പ്രാകൃതമായ രീതി ക്രിമിനല്‍ കുറ്റമാണെന്നും ഇത് അവസാനിപ്പിക്കാന്‍ ഭക്തരും ക്ഷേത്രഭാരവാഹികളും തയ്യാറാകണമെന്നുമാണ് ശ്രീലേഖ തന്റെ ബ്ലോഗിലൂടെ തുറന്നടിച്ചത്.

ആറ്റുകാല്‍ ഉത്സവത്തിന്റെ അവസാന ദിവസം നടത്തുന്ന കുത്തിയോട്ടത്തില്‍ കുട്ടികളെ നിരത്തി നിര്‍ത്തി ശരീരത്തിലൂടെ ചൂട് കമ്പി കുത്തിയിറക്കുന്നതാണ് ചടങ്ങ്. ഇങ്ങനെയുണ്ടാകുന്ന മുറിവില്‍ ചാരം വാരി പൊത്തുകയാണ് ചെയ്യുക.

ഇത് കുട്ടികളില്‍ മാനസികമായും ശാരീരികവുമായ വേദനയുണ്ടാക്കുന്നതാണെന്നും,പല കുട്ടികളുടെയും സമ്മതമില്ലാതെയാണ് ഇത് നടപ്പിലാക്കുന്നതെന്നും നേരത്തെ ധാരാളം വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.