ആറ്റുകാല്‍ ക്ഷേത്രത്തിലെ കുട്ടികളുടെ കുത്തിയോട്ടത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം
തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല എന്ന പേരില്‍ അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഒരു ആചാരമാണ് കുഞ്ഞു ആണ്‍കുട്ടികളെ കൊണ്ട് ചെയ്യിക്കുന്ന കുത്തിയോട്ടം എന്ന ആചാരം. കാലങ്ങളായി തുടര്‍ന്ന് വരുന്ന ഈ ആചാരമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിവാദം. കുഞ്ഞുങ്ങളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നു എന്ന പേരില്‍ കുത്തിയോട്ട വഴിപടിനെതിരെ ഡിജിപി ആര്‍ ശ്രീലേഖ രംഗത്ത് വന്നിരുന്നു. ആചാരത്തിന്റെ പേരില്‍ നടത്തുന്ന കുത്തിയോട്ടം കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ കടുത്ത പീഡനമാണ് ഏല്‍പ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നു. തന്റെ ബ്ലോഗിലൂടെയാണ് അവര്‍ ആചാരത്തിനെതിരെ ആഞ്ഞടിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്ത് വന്നതോടെ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ഇതിനെതിരെ ഇസ്ലാമിലെ സുന്നത് ചെയ്യുന്നതും ക്രിസ്ത്യാനികള്‍ കുട്ടികളെകൊണ്ട് കുരിശ് ചുമപ്പിക്കുന്നതും മുന്‍നിര്‍ത്തി പലരും രംഗത്ത് വന്നു. കുട്ടികളോടെന്നല്ല, ഏതൊരു മനുഷ്യനോടും രാഷ്ട്രീയത്തിന്റെ പേരിലായാലും വിശ്വാസത്തിന്റെ പേരിലായാലും കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ് എന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
അനുവാദത്തോടെയല്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ തൊടാന്‍ പാടില്ലെന്നതുപോലെ തന്നെയാണിതും. കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതൊന്നും അവരുടെ അനുവാദം ചോദിച്ചിട്ടല്ല, ഒരു മതത്തിലും. വേദനകൊണ്ടു കരയുന്ന കുട്ടികളെ പലയിടത്തും നമുക്ക് കാണേണ്ടി വരുന്നത് അതിനാലാണ്. അതിനൊക്കെ വിശ്വാസത്തിന്റെ പിന്‍ബലം ചാര്‍ത്തിക്കൊടുക്കുന്നുവെന്നു മാത്രമല്ല, ആ കുട്ടികളുടെ കാര്യം അവരുടെ മാതാപിതാക്കള്‍ നോക്കിക്കോളും, നിങ്ങളെന്തിന് ഇടപെടുന്നുവെന്ന ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യം ഉയര്‍ത്തുകകൂടി ചെയ്യും. അനുസരണക്കേടു കാട്ടിയെന്ന പേരില്‍ ഒരു കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ ആ പിതാവ് എന്തൊരു ക്രൂരനാണെന്നു പരിതപിച്ചവരൊന്നും, അതയാളുടെ കുട്ടിയല്ലേ, അയാള്‍ എന്തെങ്കിലുമൊക്കെ ചെയ്യട്ടെയെന്ന് പറഞ്ഞൊഴിഞ്ഞില്ല. നിയമം അയാള്‍ക്കെതിരാണ്. സ്വന്തം കുട്ടിയെ വേദനിപ്പിക്കാന്‍ ഒരു മാതാപിതാക്കള്‍ക്കും നിയമം അനുമതി നല്‍കുന്നില്ല. ഏതെങ്കിലും മത വിശ്വാസവും അത്തരത്തില്‍ അനുവദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
ആചാരം മുന്‍നിര്‍ത്തി അഞ്ച് ദിവസം നടക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് അല്‍പ ഭക്ഷണം നല്‍കിയും അവരെ തണുത്തുറഞ്ഞ നിലത്ത് കിടത്തിയും മാതാപിതാക്കളെ പോലും കാണിക്കാതെ നടക്കുന്ന ആചാരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളില്‍ ക്ഷേത്രം ആണ്‍കുട്ടികളുടെ തടവറയായി മാറുന്നെന്നും ശ്രീലേഖ കുറിച്ചു. അഞ്ച് വയസ് മുതല്‍ 12 വയസ് വരേയുള്ള ആണ്‍കുട്ടികളേയാണ് മാതാപിതാക്കള്‍ വിശ്വാസത്തിന്റെ പേരില്‍ കുത്തിയോട്ട വഴിപാടിന് ഒരുക്കി നിര്‍ത്തുന്നത്. കാപ്പുകെട്ടി രണ്ട് ദിവസത്തിന് ശേഷമാണ് കുത്തിയോട്ട വ്രതം ആരംഭിക്കുക. മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിയുടെ മുറിവേറ്റ ഭടന്‍മാര്‍ ആണ് കുത്തിയോട്ടക്കാര്‍ എന്നാണ് കണക്കാക്കുന്നത്. കാപ്പ് കെട്ടികഴിഞ്ഞ് മൂന്നാം നാള്‍ ആണ് വ്രതം തുടങ്ങുന്നത്. വ്രതം ആരംഭിച്ചാല്‍ കുട്ടികള്‍ ക്ഷേത്രത്തിലാണ് പിന്നീട് കഴിയുക. രാവിലെ 4.30 യ്ക്ക് എഴുന്നേറ്റ് കുളിച്ച് ഈറനണിഞ്ഞ് അഞ്ച് ദിവസം കൊണ്ട് ക്ഷേത്രം 1008 തവണ ക്ഷേത്ര പ്രദക്ഷിണം വെയ്ക്കണം. ക്ഷേത്രങ്ങളില്‍ നിന്ന് ഇവര്‍ക്ക് പരിമിതമായ ഭക്ഷണം മത്രമേ ലഭിക്കുള്ളൂ. ഒപ്പം മാതാപിതാക്കളെ കാണാനും ഇവര്‍ക്ക് അനുവാദം ലഭിക്കില്ല. തണുത്ത അമ്പല തിണ്ണകളില്‍ ഒറ്റമുണ്ട് മാത്രം ധരിച്ച് കിടക്കണം. ഇങ്ങനെ പോകുന്നു ആചാരങ്ങള്‍. വ്രതത്തിന്റെ അവസാന ദിവസമാണ് ഏറ്റവും ക്രൂരത നിറഞ്ഞ ചടങ്ങ് നടക്കുക.
ഇരുമ്പ് കമ്പി ഇവരുടെ ദേഹത്ത് കുത്തിയിറക്കും. അവരുടെ ദേഹത്ത് നിന്ന് രക്തം വരുകയും വേദന സഹിക്കാതെ കുട്ടികള്‍ വാവിട്ട് കരയുകയും ക്ഷേത്രത്തിലെ പതിവ് കാഴ്ചകളാണ്.. അപ്പോഴും മാതാപിതാക്കള്‍ പറയും അത് ദേവിക്ക് വേണ്ടിയാണത്രേ. പഠിക്കാന്‍ മിടുക്കരാവാനും അനുസരണയുള്ള കുട്ടികളായി വളരാനുമാണത്രേ ആ ആചാരങ്ങള്‍. പക്ഷേ ഈ സമയത്ത് കുട്ടികളുടെ മാനസികാവസ്ഥ എന്താകുമെന്ന് ശ്രീലേഖ ചോദിക്കുന്നു. കുട്ടികളെ മാനസികവും ശാരീരികവുമായി ചൂഷണം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 89, 319, 320, 349, 350, 351 വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമാണെന്നും എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ ക്രൂര പീഡനത്തിന് ഇരയാക്കുന്ന മാതാപിതാക്കള്‍ ഇതിനെ കുറിച്ച് പരാതി നല്‍കില്ലല്ലോയെന്നും ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചു. എന്നാല്‍ കുത്തിയോട്ടം കുട്ടികളെ സമത്വവും സാഹോദര്യവും ദാരിദ്ര്യവും വിശപ്പുമൊക്കെ പഠിപ്പിക്കാനുള്ള ഉപാധിയാണെന്ന ‘ശാസ്ത്രീയ’ വീക്ഷണം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. പണ്ടുകാലത്ത് നേര്‍ത്ത ചൂരല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ സ്വര്‍ണത്തിലും വെള്ളിയിലുമുള്ള നൂലുകള്‍ ചൂരല്‍ കുത്താനായി ഉപയോഗിക്കുന്നത്. സമത്വമൊക്കെ അവിടെ തീരുന്നു. കാശുള്ള വീട്ടിലെ കുട്ടികള്‍ക്ക് സ്വര്‍ണ നൂലും അല്ലാത്തവര്‍ക്ക് വെള്ളിനൂലുമെന്നതാണ് രീതി. സമത്വമൊന്നും അവിടെ നമുക്ക് കാണാനാകില്ല എന്നതാണ് സത്യം.
ഇതൊക്കെ മനുഷ്യര്‍ ദൈവങ്ങള്‍ക്കു പിന്നാലെ സൃഷ്ടിച്ചെടുത്ത ആചാരങ്ങള്‍ മാത്രമാണ്. കാലം പുരോഗമിക്കുമ്പോള്‍ അത്തരം അനാചാരങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നതാണ് വസ്തുത. സതി പണ്ടേ നിരോധിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, നിര്‍ബന്ധിച്ച് ചിതയില്‍ തള്ളിയിടപ്പെടുന്ന സ്ത്രീകളുടെ എണ്ണം? ഇന്നു വര്‍ധിക്കുമായിരുന്നു. അതിനെതിരെ ആര്‍ക്കും സംസാരിക്കാന്‍ പോലും അവസരം ലഭിക്കാത്ത വിധം കാര്യങ്ങള്‍ വഷളാകുകയും ചെയ്യുമായിരുന്നു. വിശ്വാസത്തെ തൊട്ടുകളിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. എന്തെങ്കിലും പറഞ്ഞുപോയാല്‍ വിശ്വാസികള്‍ ഉറഞ്ഞുതുള്ളാന്‍ തുടങ്ങും. പിന്നെ പറയുന്നതെന്തെന്ന് അവര്‍ക്കുപോലും അറിയില്ല. വീട്ടിലിരിക്കുന്നവരെ വരെ ചീത്തവിളിക്കും. ദേവസന്നിധിയില്‍ പോയി ഇതുതന്നെയാണോ അവര്‍ പറഞ്ഞു പ്രാര്‍ഥിക്കുന്നതെന്നു പോലും സംശയം തോന്നിപ്പോകും.